ജയലളിതയുടെ മരണം വീണ്ടും വിവാദമാകുന്നു; അവസാന കാലത്തെ വീഡിയോ ഉണ്ടെന്ന് ദിനകരന്‍

By Web DeskFirst Published Sep 25, 2017, 4:06 PM IST
Highlights

ജയലളിതയുടെ മരണം വീണ്ടും തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദമാവുകയാണ്. ജയലളിതയുടെ അവസാന കാലത്ത് അവരെ ശശികലയല്ലാതെ മറ്റാരും കണ്ടിട്ടില്ലെന്ന മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസന്റെ പ്രസ്താവനയ്ക്കെതിരെ ടി.ടി.വി ദിനകരൻ രംഗത്തെത്തി. ശശികലയുടെ പക്കൽ ജയലളിതയുടെ വീഡിയോ ഉണ്ടെന്നും അത് അന്വേഷണക്കമ്മീഷന് മാത്രമേ കൈമാറൂവെന്നും ടി.ടി.വി ദിനകരൻ വെളിപ്പെടുത്തി.

ജയലളിതയുടെ അവസാനകാലത്ത് അവർക്കെന്ത് സംഭവിച്ചുവെന്ന് ശശികലയുടെ കുടുംബത്തിന് മാത്രമേ അറിയൂവെന്നും അവർ ആരോഗ്യവതിയാണെന്ന് കളവ് പറഞ്ഞിട്ടുണ്ടെന്നും അത് പാർട്ടിയ്ക്ക് വേണ്ടിയാണ് എന്നുമായിരുന്നു മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ ഒരു പാർട്ടി യോഗത്തിൽ പ്രസംഗിച്ചത്. പ്രസംഗം വിവാദമായതോടെ ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ശക്തമായി. അപ്പോളോ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നായിരുന്നു സഹോദരപുത്രി ദീപ ജയകുമാറിന്റെ ആവശ്യം. സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ടി.ടി.വി ദിനകരൻ വിശദീകരണവുമായി രംഗത്തെത്തിയത്. ജയലളിതയുടെ നിർദേശപ്രകാരം ശശികല തന്നെ എടുത്ത വീഡിയോയില്‍ അവർ ടി.വി കാണുന്നതിന്‍റെ ദൃശ്യങ്ങളുള്ളതെന്നും അത് തങ്ങളുടെ ഞങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറയുന്നു. വീഡിയോ അന്വേഷണ കമ്മീഷന് മുന്നിൽ മാത്രമേ ഹാജരാക്കൂവെന്നും അവര്‍ പറയുന്നു.

അതേസമയം, അനധികൃത സ്വത്ത് സമ്പാദന ക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളുരു ജയിലിൽ കഴിയുന്ന ശശികല, ഭർത്താവ് നടരാജന്റെ ആരോഗ്യനില മോശമായി തുടരുന്നത് ചൂണ്ടിക്കാട്ടി പരോളിന് അപേക്ഷിക്കുമെന്ന് സൂചനയുണ്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട നടരാജൻ ഇപ്പോൾ വെന്റിലേറ്ററിലാണ്. ഇ.പി.എസ്-ഒ.പി.എസ് ക്യാംപിനെതിരെയുള്ള രാഷ്ട്രീയനീക്കങ്ങൾ കൂടി പരോൾ കാലത്ത് നടപ്പാക്കാനാണ് ശശികലയുടെ നീക്കം.
 

click me!