
പി.വി അൻവറിലൂടെ വളരെ നേരത്തെ ആരംഭിച്ച വിവാദങ്ങളുടെ മൂർധന്യത്തിൽ കേരള രാഷ്ട്രീയം മുഴുവനായി ഒരു മാസത്തിലധികം കാലം നിലമ്പൂരിലേക്ക് ചുരുങ്ങിയപ്പോൾ അൻവറിനെ ചുറ്റിപ്പറ്റി മാത്രമല്ല എല്ലാ തലങ്ങളിലും ഉയർന്നുവന്ന കൊണ്ടുപിടിച്ച വിവാദങ്ങളിലൂടെയും ഉപതെരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടു. സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ തലവേദന സൃഷ്ടിച്ച ശേഷമായിരുന്നു അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. തുടർന്ന് നടന്ന നാടകീയ നീക്കങ്ങൾ, പാർട്ടി പ്രഖ്യാപനം ഇരു മുന്നണികൾക്കുമെതിരായ നീക്കങ്ങൾ, വാദപ്രതിവാദങ്ങൾ എന്നിവയ്ക്കെല്ലാം ഒടുവിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ ശേഷം വിവാദങ്ങൾ മാറിനിന്നില്ല.
ഇലത് വലത് മുന്നണികൾക്കും ബിജെപിക്കും കേവലമൊരു തെരഞ്ഞെടുപ്പ് എന്നതിലുപരി, ഈ വർഷം തന്നെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കും ഒരു വർഷത്തിൽ താഴെമാത്രം അവശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള ഒരു റിഹേഴ്സൽ കൂടിയായിരുന്നു. പതിവുപോലെ വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും, സങ്കീർണ്ണമായ രാഷ്ട്രീയ നീക്കങ്ങളും നിറഞ്ഞ ഒരു തെരഞ്ഞെടുപ്പ് കാലമായിരുന്നു നിലമ്പൂരിൽ കഴിഞ്ഞുപോയത്. തെരഞ്ഞെടുപ്പ് കോലാഹലങ്ങൾ അവസാനിക്കുമ്പോഴും ഉയർന്നുകേട്ട വിവാദങ്ങൾക്ക് പെട്ടെന്നൊന്നും ശമനമുണ്ടാകില്ലെന്ന് ഉറപ്പാണ്.
പി.വി. അൻവറിന്റെ നിലപാടുകൾ: മണ്ഡലത്തിലെ മുൻ എംഎൽഎ. കൂടിയായ പി.വി. അൻവറിന്റെ തെരഞ്ഞെടുപ്പ് കാലത്തെ നീക്കങ്ങൾ നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്നു. താൻ പിടിക്കുന്നത് പിണറായി സർക്കാരിനെതിരായ വോട്ടാണെന്നും, അത് എൽഡിഎഫ് ക്യാമ്പിൽ നിന്നാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. തന്റെ രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളുണ്ടെന്ന് പറഞ്ഞ് സിപിഎമ്മിനും ഇടതു മുന്നണിക്കുമെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ചു. പിണറായിസത്തിനെതിരായ പോരാട്ടമാണെന്ന് അദ്ദേഹം അവസാന നിമിഷം വരെയും ആവർത്തിച്ചു.
യുഡിഎഫിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്ന അൻവറിന് പക്ഷേ സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് എത്തിയത് അംഗീകരിക്കാനായില്ല. കോൺഗ്രസ് ആരെ സ്ഥാനാർത്ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അൻവറിന്റെ ആദ്യ നിലപാടെങ്കിലും പിന്നീട് അദ്ദേഹം തന്റെ ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വം പരിഗണിച്ചില്ലെന്ന് പരാതിപ്പെട്ടു. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കണം, തനിക്ക് ഒരു സീറ്റ് നൽകണം തുടങ്ങിയ ആവശ്യങ്ങൾ യു.ഡി.എഫ്. നേതൃത്വത്തിന് മുന്നിൽ വെച്ചെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. യുഡിഎഫ്. നേതാക്കളുമായി അൻവർ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ അൻവർ ഉന്നയിച്ചു. ഷൗക്കത്തിന് ജയിക്കാനാകില്ലെന്നും അദ്ദേഹത്തിനെതിരെ ജനവികാരമുണ്ടെന്നും അൻവർ പരസ്യമായി പറഞ്ഞു. ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ തടയാൻ അൻവർ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇതിനെ യുഡിഎഫ് നേതൃത്വം ശക്തമായി പ്രതിരോധിച്ചതോടെ അൻവർ നാടകീയമായി തന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. തൃണമൂൽ സ്ഥാനാർത്ഥിയായി നൽകിയ നാമനിർദേശ പത്രിക തള്ളിപ്പോയെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്ത് സജീവമായി. മത്സരം പിണറായിസത്തിനെതിരെയാണെന്നും യുഡിഎഫ്. വോട്ടുകളാണ് താൻ പിടിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അൻവർ ആവർത്തിച്ചു.
ഭരണവിരുദ്ധ വികാരം എന്ന ആയുധം: യുഡിഎഫ് ഈ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമായും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങൾ, അഴിമതി ആരോപണങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം നടത്തിയത്. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും, അത് തങ്ങൾക്ക് അനുകൂലമാകുമെന്നും യുഡിഎഫ് നേരത്തെ തന്നെ കണക്കുകൂട്ടി. എന്നാൽ, ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും, എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങൾ അംഗീകരിക്കുന്നുവെന്നും എൽഡിഎഫ് വാദിച്ചു. ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ ഒരു പ്രസ്താവനയും വലിയ വിവാദമായി.
മത-സാമുദായിക സംഘടനകളുടെ നിലപാടുകൾ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിവിധ മത സംഘടനകളുടെയും സമുദായ സംഘടനകളുടെയും നിലപാടുകൾക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെയും വെൽഫെയർ പാർട്ടിയുടെയും പിന്തുണ മണ്ഡലത്തിലെ വലിയ ചർച്ചാവിഷയമായിരുന്നു. വെൽഫെയർ പാർട്ടി യുഡിഎഫിനും പിഡിപി എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും മരുന്നിട്ടു.
പിഡിപി പീഡിത വിഭാഗമാണെന്ന് വിശദീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ജമാഅത്തെ ഇസ്ലാമിയിലൂടെ യുഡിഎഫ് വർഗീയ ശക്തികളുടെ വോട്ട് പിടിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചു. എന്നാൽ നേരത്തെ ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന സമയത്ത് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പറഞ്ഞ അഭിപ്രായങ്ങൾ നിരത്തി മറുപക്ഷം പ്രതിരോധം തീർത്തു. മുസ്ലീം വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള നിലമ്പൂരിൽ, ഈ ചർച്ചകളും നിർണായകമായി. അതിനിടെ അഖില ഭാരത ഹിന്ദു മഹാസഭ എന്ന സംഘടനയുടെ നേതാക്കൾ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായി.
മലപ്പുറം വിഷയത്തിലെ ചർച്ചകൾ: മലപ്പുറം ജില്ലയെ അപമാനിക്കുന്നതിൽ സിപിഎമ്മും സംഘപരിവാറും ഒരേ ദിശയിൽ സഞ്ചരിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റൊരു പ്രധാന ആയുധമായി മാറി. മലപ്പുറത്തിന്റെ രാഷ്ട്രീയ സ്വത്വത്തെക്കുറിച്ചുള്ള ചർച്ചകളും ഇതിന്റെ ഭാഗമായി നടന്നു. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ സമരം നടത്തിയവരാണ് കോണ്‍ഗ്രസെന്ന് എല്‍ഡ്എഫ് സ്ഥാനാര്‍ഥി എം.സ്വരാജ് തിരിച്ചടിച്ചു അതിന്റെ കുറ്റബോധം കോണ്‍ഗ്രസിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിന്റെ പല സൂക്ഷ്മ തലങ്ങളെയും തുറന്നുകാട്ടിയ ഒരു പോരാട്ടമായിരുന്നു നിലമ്പൂരിലേത്. മുന്നണികളുടെ ശക്തിയും ദൗർബല്യങ്ങളും, വോട്ട് ബാങ്കുകളുടെ ചലനങ്ങളും, മത-സാമുദായിക സംഘടനകളുടെ സ്വാധീനവുമെല്ലാം ചർച്ചയായ തെരഞ്ഞെടുപ്പിന് കേവലം ഒരു ഉപതെരഞ്ഞെടുപ്പിന് അപ്പുറമുള്ള പ്രാധാന്യം കേരള രാഷ്ട്രീയത്തിൽ കൈവന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam