നിലമ്പൂരിൽ വെല്ലുവിളികൾ ഏറ്റെടുത്ത് നേടിയ യുഡിഎഫ് വിജയം; വിജയശിൽപികൾ 'തുടരും'

Published : Jun 23, 2025, 06:07 PM IST
Nilambur By Election Analysis

Synopsis

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ വിഡി സതീശൻ യുഡിഎഫിൽ കൂടുതൽ കരുത്താർജ്ജിക്കുന്നു. 

നിലമ്പൂരിലേത് യുഡിഎഫിന്റെ കൂട്ടായ വിജയമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. ഒത്തൊരുമയോടെയുള്ള കൂട്ടായ മുന്നണി പ്രവര്‍ത്തനമാണ് നിലമ്പൂരിലെ വിജയ രഹസ്യമെന്നും പറഞ്ഞുവച്ചു അദ്ദേഹം. സംസ്ഥാനത്ത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിന്റെ മുഖമായി നിന്നത് പ്രതിപക്ഷ നേതാവ് കൂടിയായ വിഡി സതീശൻ തന്നെ ആയിരുന്നു. അങ്ങനെ നിലമ്പൂര്‍ കൂടി പിടിച്ച് അദ്ദേഹം അടിവരയിടുന്നത്, പുതിയ ട്രെൻഡ് പിടിച്ച് പറഞ്ഞാൽ 'വിഡി സതീശൻ തുടരും' എന്ന് തന്നെയാണ്.

തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജയവും ചേലക്കരയിൽ കുത്തക മണ്ഡലത്തിൽ എൽഡിഎഫ് ഭൂരിപക്ഷം കുത്തനെ ഇടിച്ചതിന്റെ ആത്മവിശ്വാസവും വിഡിയുടെ പ്രോഗ്രസ് കാര്‍ഡിൽ പ്ലസ് ആയി നേരത്തെ തന്നെ ചേര്‍ക്കപ്പെട്ടിരുന്നു. എന്നാൽ ഈ നേട്ടങ്ങൾക്കെല്ലാം അപ്പുറമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വിജയം വിഡി സതീശന് നൽകുന്നത്. പാര്‍ട്ടിയിലും മുന്നണിയിലും കൂടുതൽ കരുത്താര്‍ജിക്കുന്നു അദ്ദേഹം. നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതൽ തുടങ്ങുന്നുണ്ട് അതിനുള്ള കാരണങ്ങൾ.

സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പ്രദേശികമായും എതിര്‍പ്പുകൾ ഉണ്ടായെങ്കിലും ആ ശബ്ദങ്ങളെയെല്ലാം വെട്ടി, അതിവേഗം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നിൽ വിഡി സതീശനായിരുന്നു. പതിവിന് വിരുദ്ധമായി സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതും യുഡിഎഫിന് ഗുണമായി. ഇതിനെല്ലാം പുറമെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ പിവി അൻവറിന്റെ ഭീഷണിയും അദ്ദേഹം വകവച്ചില്ല. യുഡിഎഫ് പ്രവേശനം കാത്ത് കഴിഞ്ഞ അൻവര്‍, ഒടുവിൽ സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നതിന് പിന്നിൽ വിഡി സതീശന്റെ ഉറച്ച നിലപാടായിരുന്നു. അൻവറിന്റെ വിലപേശലുകൾക്ക് വില കൽപ്പിക്കാതെ, തെല്ലും ഭയക്കാതെ നിര്‍ണായ നിലപാടെടുത്തു അദ്ദേഹം.

കെ സുധാകരൻ അടക്കം പരസ്യ പ്രസ്താവന പോലും നടത്തിയിട്ടും അനങ്ങിയില്ല വിഡി. പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും മുസ്ലിം ലീഗിലും അൻവറിന്റെ കാര്യത്തിൽ എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ നിലമ്പൂരിൽ വിജയം തൊടുമ്പോൾ, അതിന് മാറ്റ് കൂട്ടുന്നതും ഈ തീരുമാനമാണ്. ഒരുപക്ഷെ അൻവറിനെ കൂടെക്കൂട്ടിയാണ് വിജയിച്ചതെങ്കിൽ അതിന്റെ ക്രെഡിറ്റ് പൂര്‍ണമായും അൻവര്‍ സ്വന്തമാക്കുമായിരുന്നു. മറിച്ച് യുഡിഎഫിന്റെ നേട്ടമാക്കി ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാൻ വിഡി സതീശന് സാധിക്കുന്നതിന് കാരണം താൻ ധീരമായി എടുത്ത നിലപാടാണ് എന്നതും മുന്നണിയിൽ അദ്ദേഹത്തിന് കൂടുതൽ കൂടുതൽ കരുത്ത് പകരുന്നുണ്ട്.

നിലമ്പൂരിൽ സതീശനൊപ്പം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും ആശ്വസിക്കാനുണ്ട് ഏറെ. സംഘടനാപരമായ കെട്ടുറപ്പും, ചിട്ടയായ പ്രചാരണരീതികളും, കൃത്യമായ ആസൂത്രണവും പ്രകടമായിരുന്നു നിലമ്പൂരിൽ. അതിന് പിന്നിൽ കോൺഗ്രസ് ഹൈക്കമാൻഡിലെ പ്രധാനിയായ കെസി വേണുഗോപാലിന്റെ സംഘടനാപരമായ വൈദഗ്ധ്യവും ദേശീയ തലത്തിലെ സ്വാധീനവും നിർണായകമായി എന്ന് പറയാം. ഒരു ചെറിയ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പായിരുന്നിട്ട് പോലും സ്ഥാനാർത്ഥി നിർണയം മുതൽ ഫണ്ട് സമാഹരണം വരെ ഉള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

പ്രാദേശികമായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച്, നേതാക്കളെയും അണികളെയും ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സതീശനും കെസിയും ലീഗ് നേതൃത്വത്തെ കൂട്ടുപിടിച്ച് താഴെത്തട്ടിൽ വരെ ഊർജ്ജസ്വലമായ പ്രവർത്തനമാണ് യുഡിഎപ് കാഴ്ചവച്ചത്. കോൺഗ്രസിലും യുഡിഎഫിലും സാധരണമല്ലാത്ത ഈ ഒത്തൊരുമ വോട്ടർമാരെ ഏറെ സ്വാധീനിച്ചു എന്നത് വ്യക്തമാണ്. നിലമ്പൂരിലെ വെല്ലുവിളികൾ നിറഞ്ഞ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ യുവനിരയടക്കമുള്ളവര്‍ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടവരാണ്. എന്നാൽ ഇവര്‍ക്കെല്ലാം അൽപം മുകളിൽ ഈ രണ്ട് നേതാക്കളുടെയും തന്ത്രപരമായ നീക്കങ്ങൾക്ക് സ്ഥാനമുണ്ട് എന്നതാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പിലൂടെ വിധിയെഴുതുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ
പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം