
ആഗസ്ത്യാര്‍കൂട വനയാത്ര വിനോദസഞ്ചാരികളുടേയും ട്രക്കിംഗ് പ്രേമികളുടെയും സ്വപ്നയാത്രയാണ്. ഓരോ വര്‍ഷവും യാത്രക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ വന്‍തിരക്കാണ്. മുന്‍വര്‍ഷത്തെ പോലെ ഇത്തവണയും യാത്ര സ്ത്രീകളെ വിലക്കിയതിന്റെ പേരില്‍ വിവാദത്തിലായി.
ഈ മാസം 14 മുതല്‍ ഫെബ്രുവരി 24 വരെയാണ് അഗസ്ത്യാര്‍കൂട യാത്ര. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്ത്രീകളും 4 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം സ്ത്രീകളെ വിലക്കിയുള്ള സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേമുയര്‍ന്നപ്പോള്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് തിരുത്തി. എന്നാല്‍ സമയപരിധി തീര്‍ന്നതിനാല്‍ സ്ത്രീകള്‍ക്ക് യാത്രചെയ്യാനായില്ല.
ഇത്തവണ അനുമതി കിട്ടുമെന്ന സ്ത്രീകളുടെ പ്രതീക്ഷയാണ് പുതിയ സര്‍ക്കുലറോടെ ഇല്ലാതായത്.
കൊടും വനത്തിലൂടെ രണ്ട് ദിവസം നീളുന്ന 38 കിലാ മീറ്റര്‍ കഠിനയാത്ര സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ന്യായീകരണമാണ് വനംവകുപ്പ് നല്‍കുന്നത്. ഒപ്പം വന്യമൃഗങ്ങളുടെ ഭീഷണിയുണ്ടെന്നും വിശദീകരിക്കുന്നു. എന്നാല്‍ വനിതകള്‍ എവറസ്റ്റ് വരെ കീഴടക്കുന്ന ഇക്കാലത്ത് ഇത്തരമൊരു ന്യായീകരണത്തിന് പ്രസക്തിയില്ലെന്നാണ് പ്രതിഷേധക്കാരുടെ മറുപടി.
ആചാരപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍, വനിതകള്‍ വന്നാല്‍ തടയുമെന്നു ചില സംഘടനകള്‍ കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. ദിവസം 100 പേര്‍ക്ക് മാത്രമാണ് അഗസ്ത്യാര്‍കൂട യാത്രക്ക് അനുമതി. അപേക്ഷ ക്ഷണിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ബുക്കിംഗ് പൂര്‍ത്തിയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam