പശ്ചിമബംഗാളിൽ ഇഡി-മമത പോര് കടുക്കുന്നു. ഇഡിക്കെതിരെ കേസെടുത്തിരിക്കുകയാണ് ബംഗാൾ പൊലീസ്
കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ ഇഡി-മമത പോര് കടുക്കുന്നു. ഇഡിക്കെതിരെ കേസെടുത്തിരിക്കുകയാണ് ബംഗാൾ പൊലീസ്. മമത ബാനർജിയുടെ പരാതിയിലാണ് കേസ്. സിഎപിഎഫിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇഡി റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷധം ശക്തമാക്കിയിരിക്കുകയാണ്. ദില്ലിയിൽ ആഭ്യന്തരമന്ത്രാലയം പ്രവർത്തിക്കുന്ന കർത്തവ്യഭവന് മുന്നിൽ ഇന്നലെ എംപിമാർ പ്രതിഷേധിച്ചു. എംപിമാരെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തുനീക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചിരുന്നു. കൊൽക്കത്തയിൽ മമതാ ബാനർജി കാൽനട ജാഥ നടത്തി പ്രതിഷേധിക്കുകയും ചെയ്തു.
ഒമ്പത് മണിയോടെയാണ് ഡെറക് ഒബ്രിയാൻ, മഹുവ മൊയ്ത്ര, കീർത്തി ആസാദ് അടക്കമുള്ള തൃണമൂൽ എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കർത്തവ്യ ഭവനിലെ ഓഫിസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ഇഡിക്കും കേന്ദ്ര സർക്കാരിനും എതിരെ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം. പൊലിസ് ബലം പ്രയോഗിച്ച് എംപിമാരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസുമായി രൂക്ഷമായ വാക്കേറ്റവും നടന്നു. പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച എംപിമാർ അവിടെയും പ്രതിഷേധം തുടർന്നു.
സ്റ്റേഷനിൽ വച്ച് എംപിമാർ മാധ്യമങ്ങളെ കാണുന്നത് തടയാൻ പൊലീസ് ശ്രമിച്ചത് നേരിയ ഉന്തിനും തള്ളിനും കാരണമായി. സ്റ്റേഷന് പുറത്തിറങ്ങിയ കീർത്തി ആസാദ് എംപ പൊലീസ് ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റി. പിന്നാലെ സ്റ്റേഷന് മുന്നിൽ വീണ്ടും പ്രതിഷേധം നടന്നു. പൊലീസ് അമിത് ഷായു ടെ ഗുണ്ടകളായെന്നും മഹുവ മൊയ്ത്ര വിമർശിച്ചു. അഴിമതി ആരോപണം നേരിടുന്ന ബിജെപി നേതാക്കൾക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും മഹുവ മൊയ്ത്ര ചോദിച്ചു. നാല് മണിക്കൂറത്തെ കസ്റ്റഡിക്കൊടുവിൽ എംപിമാരെ പിന്നീട് വിട്ടയക്കുകയായിരുന്നു.



