
തൃശൂര്‍: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തികാരോപണത്തില്‍ മൂന്ന് വൈദികരും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഉള്‍പ്പെടുന്ന കമ്മീഷന്‍ ഏപ്രില്‍ 12 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കും. എറണാകുളം അതിരൂപതയില്‍പ്പെടുന്ന കൊരട്ടിപള്ളി വികാരി ഫാ.മാത്യു മണവാളനെതിരെയുള്ള ആരോപണവും സ്വര്‍ണവും പണവും കാണാതായ സംഭവവുമാണ് സഭയുടെ ആഭ്യന്തര അന്വേഷണത്തിലുള്ളത്.
വിശ്വാസികള്‍ വികാരിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ കുര്‍ബാന ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് വികാരി സ്ഥലം വിട്ടു. ക്ഷുഭിതരായ വിശ്വാസികള്‍ സംഭവങ്ങള്‍ വിവരിച്ച് പള്ളിക്ക് മുമ്പില്‍ ബോര്‍ഡ് സ്ഥാപിച്ചു. വിവാദമായതോടെ കാണാതായ വികാരിയച്ചന്‍ തിരിച്ചെത്തുകയും ചെയ്തു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇവയെല്ലാം ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നുമാണ് വികാരി അതിരൂപത കമ്മിഷന് മൊഴി നല്‍കിയിട്ടുള്ളത്.
വഴിപാട് കിട്ടിയ സ്വര്‍ണ്ണം മുക്കുപണ്ടമാക്കി
വഴിപാട് തിട്ടപ്പെടുത്തിയപ്പോള്‍ ആറര കിലോ സ്വര്‍ണം ഉണ്ടായിരുന്ന കൊരട്ടി പള്ളിയില്‍ അവശേഷിക്കുന്നത് മൂന്നേകാല്‍ കിലോ സ്വര്‍ണം മാത്രമാണ്. പകുതി വിറ്റതായി രേഖയില്ല. 15 വളയും വഴിപാട് ഇനത്തില്‍ ലഭിച്ച സ്വര്‍ണ്ണത്തില്‍ മുക്കുപണ്ടവും കണ്ടെത്തി. സ്വര്‍ണ്ണത്തിന് പകരം മുക്കുപണ്ടം പകരം വച്ച് സ്വര്‍ണം മാറ്റുകയായിരുന്നുവെന്നാണ് നിഗമനം. കഴിഞ്ഞ പെരുന്നാളിന് ലഭിച്ച മൂന്ന് ചാക്ക് നേര്‍ച്ചപ്പണവും കാണുന്നില്ല.
പള്ളിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടും പള്ളിയില്‍ ആറ് കോടി രൂപയുടെ നഷ്ടവും കൊരട്ടി മുത്തിക്ക് (മാതാവ്) നേര്‍ച്ചയായി കിട്ടിയ മൂന്നു കിലോയോളം സ്വര്‍ണാഭരണങ്ങളും കാണാതായി എന്ന ആരോപണമാണ് അതിരൂപതയെ തന്നെ പിടിച്ചുകുലുക്കിയത്. നഷ്ടമായ സ്വത്തുവകകളെ കുറിച്ച് കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ പോലീസില്‍ പരാതി കൊടുക്കാനുള്ള ആലോചനയിലാണ്. സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ വൈദികര്‍ ഒരുപക്ഷത്തും വിശ്വാസികള്‍ മറുഭാഗത്തുമാണ്.
ആരോപണ വിധേയന്‍ ആലഞ്ചേരിക്കെതിരെ സമരം നയിച്ച വികാരി
അതിരൂപതയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വൈദികരില്‍ ഭൂരിപക്ഷവും കര്‍ദിനാളിനെതിരെ രംഗത്തെത്തിയപ്പോള്‍ കര്‍ദിനാള്‍ പക്ഷത്തെ ചിലര്‍ പ്രതിയോഗികളെ നേരിടാന്‍ കൊരട്ടി സംഭവത്തെ ആയുധമാക്കിയിട്ടുണ്ട്. ഭൂ വിവാദത്തില്‍ ആലഞ്ചേരിക്കെതിരെ മുന്നില്‍ നിന്ന വൈദികന്‍ എന്ന നിലയിലാണ് വികാരി ഫാ.മാത്യു മണവാളന്‍ ശ്രദ്ധേയനായത്. സീറോ മലബാര്‍ സഭയെ പ്രതിസന്ധിയിലാഴ്ത്തിയ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തെ കുറിച്ച് പഠിക്കുന്നതിനും ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിക്കാനും കാനോനിക സമിതി നിയോഗിച്ച പ്രത്യേക സമിതിയിലെ അംഗം കൂടിയായിരുന്നു ഫാ. മാത്യു. കര്‍ദിനാളിനെതിരെ പടനയിച്ച സഹായമെത്രാന്‍ മാര്‍ എടയന്ത്രത്തിന്റെ വിശ്വസ്തനുമായി അറിയപ്പെടുന്ന വൈദികനാണ് അദ്ദേഹം. സാമ്പത്തിക ക്രമക്കേടില്‍ വികാരിയ്‌ക്കെതിരേ വിവാദം ശക്തമായതോടെ അദ്ദേഹം ഒളിവില്‍ പോയെന്ന വിവരം വിശ്വാസികള്‍ക്കിടയില്‍ വേഗത്തിലെത്തിച്ചത് ആലഞ്ചേരി അനുകൂലികളായിരുന്നു. അച്ഛനെ കാണാനില്ലെന്ന ബോര്‍ഡ് പള്ളിക്ക് മുമ്പില്‍ വിശ്വാസികള്‍ വച്ചതോടെ പ്രശ്‌നം സോഷ്യല്‍ മീഡിയയിലും സജീവമായി. ഇതോടെ വികാരി മടങ്ങിയെത്തിയെങ്കിലും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
അന്വേഷണത്തിന് അതിരൂപത കമ്മിഷനെ നിയോഗിച്ചു
കൊരട്ടിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അതിരൂപത കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ 12 നകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന്റെ ശ്രമം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇതിനകം ഫൊറോനയില്‍ രണ്ട് പൊതുയോഗങ്ങള്‍ വിളിച്ചുചേര്‍ത്തതായി അതിരൂപത വക്താവ് റവ.ഡോ. പോള്‍ കരേടന്‍ പറഞ്ഞു. അതേസമയം വികാരി സ്ഥലത്തില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഇപ്പോഴത്തെ സാഹചര്യങ്ങളെ ശാന്തതയോടും പ്രാര്‍ഥനാ മനോഭാവത്തോടുംകൂടി സമീപിക്കാന്‍ എല്ലാവരും പരിശ്രമിക്കണം. വികാരി ഫാ. മാത്യു മണവാളന്‍ മറ്റ് വൈദികര്‍ക്കും ഇടവക പ്രതിനിധികള്‍ക്കുമൊപ്പം ആവശ്യമായ കാര്യങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും അതിരൂപത വക്താവ് പറഞ്ഞു.
അതേസമയം, കൊരട്ടി മുത്തിയുടെ സ്വര്‍ണ വില്‍പ്പനയുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്ന ശേഷം ഒളിവില്‍ പോയ വികാരി വീണ്ടും ഇടവകയില്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എറണാകുളം അങ്കമാലി രൂപത ആസ്ഥാനത്ത് നിന്നും നിയമിക്കപ്പെട്ട നാലംഗ അന്വേഷണ കമ്മീഷനിലെ അംഗങ്ങളായ ഫാ.സെബാസ്റ്റ്യാന്‍ തളിയന്‍, ഫാ.മാര്‍ട്ടിന്‍ കല്ലുങ്കല്‍ എന്നിവര്‍ കൊരട്ടി പള്ളിയിലെത്തുകയും ചെയ്തു. അന്വേഷണ കമ്മീഷന്‍ എത്തുന്നതറിഞ്ഞ് വിശ്വാസികളില്‍ ഒരു വിഭാഗവും പള്ളിയിലെത്തി.
രണ്ടുദിവസത്തേക്ക് കുര്‍ബ്ബാന ഉണ്ടാവില്ലെന്ന് വികാരി ഫാ.മാത്യൂ മണവാളന്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം പകരം കുര്‍ബ്ബാന അര്‍പ്പിച്ച വൈദീകനെക്കൊണ്ട് പള്ളിയില്‍ പറയിച്ചത് വലിയ വിഷമം ഉണ്ടാക്കിയെന്ന് വിശ്വാസികള്‍ രൂപത അന്വേഷണ കമ്മീഷന്‍ അംഗങ്ങളെ ബോദ്ധ്യപ്പെടുത്തി. വിശ്വാസികളുടെ ആശങ്കയില്‍ അന്വേഷണ കമ്മീഷന്‍ അംഗങ്ങളും പങ്കുചേര്‍ന്നു. തുടര്‍ന്നാണ് രൂപത കമ്മീഷന്‍ അംഗങ്ങള്‍ സെന്റ് ജോസഫസ് ഹാളില്‍ തയ്യാറാക്കിയ വേദിയില്‍ പരാതി കേള്‍ക്കാനെത്തിയത്. രൂപത കമ്മീഷന്‍ മുമ്പാകെ വിവരങ്ങള്‍ നല്‍കാന്‍ പള്ളി പൊതുയോഗം തെരഞ്ഞെടുത്ത അന്വേഷണ കമ്മീഷന്‍ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും എത്തിയിരുന്നു.
കമ്മിഷന് മുന്നില്‍ നാടകീയത: വികാരം പ്രകടിപ്പിച്ചതെന്ന് വികാരി
അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്ക് മുമ്പില്‍ ഫാ.മാത്യൂ മണവാളന്‍ നടത്തിയത് നാടകീയ വെളിപ്പെടുത്തലുകളായിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങളെകുറിച്ച് വികാരധീനനായാണ് അദ്ദേഹം പ്രതികരിച്ചത്. ആരോപണമുയര്‍ന്നപ്പോള്‍ കുര്‍ബാന മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയത് എന്തിനാണെന്ന് അന്വേഷണ കമ്മീഷന്‍ തിരക്കി. ആരോപണങ്ങളില്‍ മനം നൊന്ത് വികാരപ്രകടനം നടത്തിയതാണെന്നും ഇനി മുതല്‍ ആലോചിച്ച് കാര്യങ്ങള്‍ ചെയ്യാമെന്നുമാണ് വികാരി മറുപടി നല്‍കിയത്. കുര്‍ബ്ബാന മുടക്കുമെന്ന് വികാരി ദൂതന്‍ മുഖേന അല്‍മായരോട് വെളിപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കാതെ മറ്റ് കാര്യങ്ങളിലേക്ക് കടക്കേണ്ട എന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗങ്ങളുടെ നിലപാട്. തുടര്‍ന്ന് വികാരി ഫാ. മാത്യുവിനെ രൂപതയില്‍ നിന്നെത്തിയ വൈദീകര്‍ ഇടപെട്ട് വിളിച്ചു വരുത്തി മറുപടി പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്നെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയാണെന്ന ചിന്തയാണ് കുര്‍ബ്ബാന ഉണ്ടാവില്ലന്ന് അറിയച്ചതിന് പിന്നിലെന്ന് ഫാ. മാത്യുവിന്റെ മറുപടിയില്‍ വിശ്വാസികള്‍ തൃപ്തരായില്ല.
സാമ്പത്തിക തിരിമറിയില്‍ തെളിവെടുപ്പ് നടത്തിയില്ല
പരാതികളുമായി അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ രൂപതാ കമ്മീഷന് മുമ്പിലെത്തിയെങ്കിലും സാമ്പത്തിക തിരിമറിയെക്കുറിച്ചുള്ള തെളിവെടുപ്പ് നടപടികളിലേക്ക് കടന്നില്ല. ഇക്കാര്യത്തില്‍ പ്രരംഭ ചര്‍ച്ചകള്‍ പോലും നടന്നില്ലന്നാണ് ഇടവക അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ നല്‍കുന്ന വിവരം. ആത്മീയ കാര്യങ്ങളില്‍ തടസ്സം സൃഷ്ടിച്ചു എന്ന പേരില്‍ വിശ്വാസികള്‍ക്കിടയില്‍ തങ്ങളെ മോശക്കാരാക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടന്നെന്ന് ഇടവക അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കണമെങ്കില്‍ വികാരി യാഥാര്‍ഥ്യം വെളിപ്പെടുത്തണം. ഇതിനുശേഷമേ മറ്റ് കാര്യങ്ങളില്‍ ഇനി ചര്‍ച്ചയുള്ളു എന്നും ഇടവക അന്വേഷണ കമ്മീഷന്‍ നിലപാട് വ്യക്തമാക്കി.
എന്നാല്‍, ഫാ.മാത്യു കൂടുതല്‍ പ്രതികരിച്ചില്ലെന്നും ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന ഒഴുക്കന്‍ മറുപടിയോടെ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതെന്നും അല്‍മായ പ്രതിനിധികള്‍ ആരോപിച്ചു. കുര്‍ബ്ബാന മുടക്കുമെന്നുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലം വികാരി നേരിട്ട് വിശ്വാസികളെ ബോദ്ധ്യപ്പെടുത്താതെ ഇനി ചര്‍ച്ചയ്ക്കില്ലന്ന് അല്‍മായ പ്രതിനിധികള്‍ പ്രഖ്യപിക്കുകയും ചെയ്തു. ഇതോടെയാണ് രൂപത കമ്മീഷന്‍ അംഗങ്ങള്‍ ഫാ.മാത്യുവിനോട് നിലപാട് ആരാഞ്ഞത്. വിശ്വാസികള്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ തെളിവെടുപ്പും അന്വേഷണവും കുറ്റമറ്റ രീതിയില്‍ നടത്താനാണ് കമ്മിഷന്റെ നീക്കം. ഇടവകക്കാരെ ഇടയിച്ചാല്‍ സംഭവത്തില്‍ പോലീസിന്റെ ഇടപെടലുണ്ടായേക്കുമെന്ന ഭയമാണ് അതിരൂപതയ്ക്കുമുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam