ഓണപ്പൂക്കളത്തിന് ഇത്തവണ ചെലവേറും

By Web DeskFirst Published Aug 25, 2017, 6:55 AM IST
Highlights

ഇത്തവണ ഓണപ്പൂക്കളം ഒരുക്കാൻ ചെലവൽപ്പം കൂടും. അത്തപ്പിറവിയും വിനായക ചതുർത്ഥിയും ഒരുമിച്ച് വന്നതും തമിഴ്നാട്ടിലും കർണാടകയിലും മഴ കുറഞ്ഞതും പൂക്കൾക്ക് വില കൂടാൻ കാരണമായെന്ന് വ്യാപാരികൾ പറയുന്നു.

അത്തം പിറന്നപ്പോൾ തന്നെ പൂക്കളുടെ വിലയും കുതിക്കുകയാണ്. തമിഴ്നാട്ടിലും കർണാടകയിലും മഴ കുറഞ്ഞത് പൂവിപണിയെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. വാടിയ പൂക്കളാണ് ഇപ്പോൾ തന്നെ വിപണിയിലെത്തുന്നതെന്ന് കച്ചവടക്കാരും പറയുന്നു. അത്തപ്പിറവിയും വിനായക ചതുർത്ഥിയും ഒരുമിച്ച് വന്നതും ഓണമെത്തുന്നതിന് മുൻപ് തന്നെ വില വർധനക്ക് കാരണമായി.

പതിവ് പോലെ ഇത്തവണയും വെള്ള ജമന്തിക്കാണ് ആവശ്യക്കാർ കൂടുകയെന്ന് കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ തവണ ഓണമടുത്തപ്പോഴേക്കും വെള്ള ജമന്തിയുടെ വില കിലോയ്ക്ക് അറുന്നൂറ് രൂപ വരെ ഉയർന്നിരുന്നു. ഇത്തവണ അതിലും കൂടാനാണ് സാധ്യത.

മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 100 രൂപയും  ചെണ്ടുമല്ലിക്ക് 75 രൂപയുമാണ് ഇപ്പോഴത്തെ വിപണി വില. ഓണത്തിനോടടുത്ത ദിവസങ്ങളിൽ ഇതും ഉയരും.

പച്ചക്കറികൾക്കൊപ്പം പൂക്കൾക്കും വില കുതിച്ചാൽ മലയാളിയുടെ ഇത്തവണത്തെ ഓണ ബജറ്റ് ഉയരുമെന്ന് ഉറപ്പാണ്.

click me!