സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി

By Web DeskFirst Published Nov 5, 2016, 6:51 AM IST
Highlights

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ ദിവസം സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. സക്കീര്‍ ഹുസൈന് ജാമ്യം അനുവദിക്കരുതെന്നും പോലീസ് കസ്റ്റഡിയില്‍ വിടണമെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് ഇന്ന് സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

രാഷ്ട്രീയ നേതാവിന് എന്തിനാണ് ക്വട്ടേഷന്‍ ബന്ധമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത്തരം സാമൂഹിക വിരുദ്ധ നിലപാടുകളാണ് രാഷ്ട്രീയ പ്രവര്‍ത്തകരെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതെന്നും പ്രോസിക്യുഷന്‍ വാദിച്ചു.

തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കേസുകളില്‍ സക്കീറിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അറസ്റ്റിനു ശ്രമം നടത്തിയെങ്കിലും സക്കീര്‍ ഒളിവില്‍ പോവുകയായിരുന്നു. കൊച്ചിയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസ്.

കഴിഞ്ഞ ദിവസം സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് സക്കീര്‍ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

click me!