കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നല്‍കിയ ഹർജി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. ഇതോടെ ആർ സുഗതൻ ജയിലിൽ നിന്ന് പുറത്തിറങ്ങാം.
കൊച്ചി: തിരുവനന്തപുരം കോര്‍പേറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നല്‍കിയ ഹർജി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. ഇതോടെ ആർ സുഗതൻ ജയിലിൽ നിന്ന് പുറത്തിറങ്ങാം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആ സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്.
