മരിച്ച് നാലു വര്‍ഷത്തിന് ശേഷം യുവതിയുടെ മൃതദേഹം സംസ്കരിക്കാന്‍ കോടതിയുടെ അനുമതി

By Web DeskFirst Published Apr 16, 2018, 10:21 PM IST
Highlights
  • മരിച്ച് നാലു വര്‍ഷത്തിന് ശേഷം യുവതിയുടെ മൃതദേഹം സംസ്കരിക്കാന്‍ കോടതിയുടെ അനുമതി
  • കോടതി വിധിയോടെയാണ് യുവതിയുടെ മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറിയത്

ബംഗ്ലാദേശ്: നാല് വര്‍ഷം മുമ്പ് ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം മറവ് ചെയ്യാന്‍ കോടതി അനുമതി. ബംഗ്ലാദേശിലാണ് സംഭവം. ഹിന്ദുവായിരുന്ന യുവതി മുസ്ലിം ആയി മതം മാറിയിരുന്നതാണ് ഇവരുടെ മൃതദേഹം അടക്കം ചെയ്യുന്നതില്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഹസ്ന ആര ലാസു മതം മാറിയതിന് ശേഷമാണ് ഹുമയൂണ്‍ ഫരീദ് ലാസുവിനെ വിവാഹം ചെയ്തതെന്ന് ബംഗ്ലാദേശ് കോടതി വിധിച്ചതോടെയാണ് യുവതിയുടെ മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറുന്നത്. യുവതിയുടെ മാതാപിതാക്കളുടെ എതിര്‍പ്പായിരുന്നു യുവതിയുടെ മൃതസംസ്കാര ചടങ്ങുകള്‍ കോടതി കയറിയത്. 

വീട്ടുകാരുടെ എതിര്‍പ്പിനെ അതിജീവിച്ച് വിവാഹിതരായെങ്കിലും സമൂഹത്തില്‍ നിന്ന് നേരിട്ട സമ്മര്‍ദ്ദം അതിജീവിക്കാനാകാതെ ഇരുവരും ജീവനൊടുക്കുകയായിരുന്നു. ഇരുപത്തൊന്നുകാരനായ ഹുമയൂണിന്റെ മരണം പ്രശ്നങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ഹസ്നയുടെ മരണം ബംഗ്ലാദേശില്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. മതം മാറിയുള്ള വിവാഹങ്ങള്‍ പതിവില്ലാത്ത ബംഗ്ലാദേശില്‍ ഇരു സമുദായക്കാരും ഈ കേസിനെ ഏറെ ശ്രദ്ധയോടയായിരുന്നു കണ്ടത്. 

ആത്മഹത്യയ്ക്ക് ശേഷം യുവതിയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം മറവ് ചെയ്യണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് രണ്ട് മാസത്തിന് യുവതിയും ജീവനൊടുക്കിയത്. ഈ സമയത്ത് പെണ്‍കുട്ടി വീണ്ടും ഹിന്ദുമതം സ്വീകരിച്ചെന്ന് വീട്ടുകാര്‍ അവകാശപ്പെടുകയായിരുന്നു. കോടതി വിധി വന്നതോടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. സംസ്കാരചടങ്ങുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
 

click me!