യോഗി ആദിത്യനാഥിന് വലിയ തിരിച്ചടി; കൊലക്കേസില്‍ ഹാജരാകണമെന്ന് കോടതി

By Web TeamFirst Published Sep 25, 2018, 5:16 PM IST
Highlights

മഹാരാജ്ഗഞ്ചില്‍ നടന്ന പ്രതിഷേധത്തിനിടെ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍

ലക്നൗ: പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ്. 1999ല്‍ സമാജ്‍വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടിവെയ്പ്പില്‍ സത്യപ്രകാശ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

എസ്പി നേതാവായ താലട്ട് അസീസിന്‍റെ സ്വകാര്യ സുരക്ഷ ചുമതല വഹിച്ചിരുന്നയാളായിരുന്നു സത്യപ്രകാശ്.  മഹാരാജ്ഗഞ്ചില്‍ നടന്ന പ്രതിഷേധത്തിനിടെ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് സംഭവത്തില്‍ പൊലീസിന്‍റെ കണ്ടെത്തല്‍.

കേസില്‍ വീണ്ടും വിചാരണ ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ അസീസ് സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇത് തള്ളിയതോടെ അദ്ദേഹം ഹര്‍ജിയുമായി ഹെെക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് വീണ്ടും തുറക്കാന്‍ സെഷന്‍സ് കോടതിയോട് ഹെെക്കോടതി നിര്‍ദേശിച്ചു.

ഇപ്പോള്‍ മഹാരാജ്ഗഞ്ച് സെഷന്‍സ് കോടതിയാണ് ആദിത്യനാഥിനോടും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരോടും വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. അടുത്ത വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസില്‍ ഏറ്റ തിരിച്ചടി ബിജെപിക്ക് രാഷ്ട്രീയപരമായി തലവേദനയായിരിക്കുകയാണ്.

കോണ്‍ഗ്രസും എസ്പിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ യോഗി ആദിത്യനാഥ് ശ്രമം നടത്തുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. ഗുരുതരമായ കേസാണ് മുഖ്യമന്ത്രിയുടെ പേരിലുള്ളതെന്നും തല്‍സ്ഥാനത്ത് തുടരാന്‍ യോഗി ആദിത്യനാഥിന് അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് ആഞ്ഞടിച്ചു.

കേസില്‍ വിചാരണ നടക്കുന്ന അത്രയും സമയം സ്ഥാനമൊഴിയാന്‍ അദ്ദേഹം തയാറാകണം. അല്ലെങ്കില്‍ വാദി ഭാഗത്തുള്ളവരെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. 300 എംഎല്‍എമാരില്‍ കൂടുതലുള്ള ബിജെപിക്ക് കേസില്‍ പ്രതിയാക്കപ്പെട്ട ഒരാളല്ലാത്ത മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്തത് നാണക്കേടാണെന്നും കോണ്‍ഗ്രസ് വക്താവ് അന്‍ഷു ആവാസ്ഥി പറഞ്ഞു.

click me!