ശബരിമല തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ്; ദേവസ്വം ബോർഡിനെതിരായ ഹർജി തളളി

By Web TeamFirst Published Jan 28, 2019, 12:15 PM IST
Highlights

ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിയോട് വിശദീകരണം ചോദിച്ച ദേവസ്വം ബോർഡ് നടപടിയ്ക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. ഹർജി നിയമപരാമായി നിലനിൽക്കില്ലെന്ന് കോടതി.

കൊച്ചി:  തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്ത് സമർപ്പിച്ച സ്വകാര്യ ഹർജിയാണ് തള്ളിയത്. ബംഗളൂരു സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിയമപരാമായി നിലനിൽക്കില്ലെന്ന് കോടതി  ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ ബിന്ദുവും കനകദുർഗ്ഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ച് ശുദ്ധിക്രിയ ചെയ്തത് വൻവിവാദമായിരുന്നു. ദേവസ്വം ബോർഡിന്‍റെ അനുവാദമില്ലാതെയുള്ള ശുദ്ധിക്രിയയിൽ ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. അനുമതിയില്ലാതെയുള്ള ശുദ്ധിക്രിയ ദേവസ്വം മാന്വലിന്‍റെയും യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയുടേയും  ലംഘനണെന്ന് സർക്കാറും ബോർഡും വിശദീകരിക്കുന്നു. എന്നാൽ ശബരിമലയിലെ ആചാരകാര്യങ്ങളിൽ തന്ത്രിക്കാണ് പരമാധികാരമെന്നാണ് താഴമൺ തന്ത്രി കുടുംബത്തിന്‍റെ നിലപാട്. 

പട്ടികജാതി-പട്ടിക വ‍ര്‍ഗ്ഗ കമ്മീഷനും തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിക്കെതിരെ നടപടി വേണമെന്നാണ് സർക്കാറിന്‍റെയും ദേവസ്വം കമ്മീഷണറുടേയും ബോർഡിലെ രണ്ട് അംഗങ്ങളുടേയും സമീപനം. എന്നാൽ കടുപ്പിക്കേണ്ടെന്ന നിലപാടാണ് ദേവസ്വം പ്രസിഡന്‍റിനുള്ളത്. തന്ത്രി കണ്ഠരര് രാജീവർക്ക് കർക്കിടക മാസം വരെ കാലാവധിയുണ്ട്.

click me!