രാഹുല്‍ ഈശ്വറിനെതിരായ ഹാദിയയുടെ ആരോപണങ്ങള്‍ കോടതി നീക്കം ചെയ്തു

By Web DeskFirst Published Feb 22, 2018, 12:23 PM IST
Highlights

ദില്ലി: രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ സത്യവാങ്മൂലത്തിലുള്ള ആരോപണങ്ങള്‍ സുപ്രീം കോടതി നീക്കം ചെയ്തു. ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് വരാന്‍ രാഹുല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നായിരുന്നു പരാമര്‍ശം. അച്ഛനുംനും എന്‍.ഐ.എക്കും എതിരെയുള്ള ഹാദിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് കേസ് മാര്‍ച്ച് 8ലേക്ക് മാറ്റി.

വീട്ടുതടങ്കലില്‍ കഴിയവേ വീട്ടുകാര്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതായി സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിക്കുന്നു. അതോടൊപ്പം തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന കോട്ടയം പൊലീസ് മേധാവിക്കെതിരെയും തന്നെ അപായപ്പെടുത്താന്‍ വീട്ടില്‍ ശ്രമം നടന്നിരുന്നതായും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു. തന്റെ അനുമതിയില്ലാതെ ഫോട്ടോയെടുത്ത രാഹുല്‍ ഈശ്വറിനെതിരെയും ഹാദിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

ഷെഫിന്‍ ജഹാനുമായുള്ള വിവാഹബന്ധം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നും തന്നെ ഷെഫിന്റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹാദിയ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചിരിക്കുന്നത്. 

ഹാദിയയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പുറകേ അച്ഛന്‍ അശോകന്‍ ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോയി ലൈംഗിക അടിമയാക്കുകയാണ് ഷെഫിന്‍ ജഹാന്റെയും സൈനബയുടെയും ലക്ഷ്യമെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. മകള്‍ ഇസ്ലാംമതം സ്വീകരിച്ചതില്‍ എതിര്‍പ്പില്ലെന്നും മകളുടെ സുരക്ഷയാണ് അച്ഛനായ തന്റെ പ്രശ്‌നമെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. 

click me!