മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നതോടെ ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിൽ പോരാട്ടം ശ്രദ്ധേയമായി. രാജേന്ദ്രൻ്റെ സ്വാധീനത്തിൽ നേട്ടമുണ്ടാക്കാൻ എൻഡിഎ ശ്രമിക്കുമ്പോൾ, സിപിഎം സിറ്റിംഗ് എംഎൽഎയെ തന്നെ രംഗത്തിറക്കിയേക്കും. 

ഇടുക്കി: എസ് രാജേന്ദ്രൻ്റെ ബിജെപി പ്രവേശനത്തോടെ, ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഇടുക്കിയിലെ ദേവികുളം. സിപിഎമ്മിന് ഹാട്രിക് നേടിക്കൊടുത്ത, തോട്ടം മേഖലയിലെ കരുത്തനായ പോരാളിയായ രാജേന്ദ്രൻ്റെ വരവിലൂടെ നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ പാളയം. സിപിഎമ്മിന് വേണ്ടി സിറ്റിംഗ് എംഎൽഎ അഡ്വ. എ രാജ തന്നെയാവും മത്സര രംഗത്തുണ്ടാവുകയെന്നാണ് സൂചന. സിപിഎം - ബിജെപി അടിയൊഴുക്ക് മുതലെടുത്ത് കരുത്തനെ നിർത്തി മണ്ഡലം തിരിച്ചുപിടിക്കാനുളള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരിക്കാനില്ലെന്ന് രാജേന്ദ്രൻ

കോൺഗ്രസ് കുത്തക അവസാനിപ്പിച്ച് ദേവികുളത്തെ ചുവപ്പിച്ച നേതാവായിരുന്നു എസ് രാജേന്ദ്രൻ. ഒന്നരപ്പതിറ്റാണ്ട് കാലം. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കെ, ബിജെപിയിലേക്ക് കൂടുമാറ്റം. സഹകരണ സംഘം വഴി തോട്ടം മേഖലയിൽ അക്കൗണ്ട് തുറക്കാനാണ് രാജന്ദ്രൻ വഴി ബിജെപിയുടെ കരുനീക്കം. മത്സരിക്കാനില്ലെന്ന് രാജേന്ദ്രൻ ആവർത്തിക്കുമ്പോഴും, ബിജെപിക്ക് തോട്ടം മേഖലയിലേക്ക് വഴിയൊരുക്കാൻ ചാലകശക്തിയാവും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രാജേന്ദ്രൻ സിപിഎമ്മുമായി അകലുന്നത്. പിന്നെ അഡ്വ. എ രാജയ്ക്കെതിരെ പ്രവർത്തിച്ചെന്ന ആരോപണവും പാർട്ടി അന്വേഷണവും നടപടിയും. അനുനയ ശ്രമങ്ങൾ പാളിയതോടെ രാജേന്ദ്രൻ പാർട്ടി വിട്ടു. തോട്ടം മേഖലയിലെ വോട്ട് നിർണായകമാകുന്ന മണ്ഡലത്തിൽ, എസ് രാജേന്ദ്രൻ്റെ ചുവടുമാറ്റത്തെ അത്ര ഗൗരവമായി കാണേണ്ടെന്നാണ് സിപിഎം നിലപാട്

രാജേന്ദ്രൻ്റെ സ്വാധീനത്താൽ വോട്ടുബാങ്കിൽ വരുന്ന വിളളലാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നേരത്തെ മണ്ഡലത്തെ പ്രതിനിധീകരിച്ച എ കെ മണി, കോൺഗ്രസ് നേതാക്കളായ കൃഷ്ണമൂർത്തി, മുത്തുകുമാർ, എസ് രാജ തുടങ്ങിയ പേരുകളാണ് കോൺഗ്രസ് പാളയത്തിൽ നിന്ന് ഉയർന്നുകേൾക്കുന്നത്.

YouTube video player