ഗോ സംരക്ഷകരും കൈയൊഴിയുന്നു;  ഗ്വാളിയോറില്‍ 1300 പശുക്കള്‍ ചത്തു

By web deskFirst Published Dec 20, 2017, 10:29 PM IST
Highlights

മധ്യപ്രദേശ്:   പശുക്കളെ കൊന്നൊടുക്കുന്നു എന്നാരോപിച്ച് മുസ്ലീങ്ങളില്‍ നിന്നും പിടിച്ചെടുത്ത് സംരക്ഷിച്ച പശുക്കളില്‍ 1300 എണ്ണം ചത്തുവീണു. ഗോ സുരക്ഷയുടെ പേരില്‍ രാജ്യത്താകമാനം അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ സംഘടനകളുടെ സംരക്ഷണയിലുള്ള ഗ്വാളിയോര്‍ മുനിസിപ്പാലിറ്റിയുടെ തിപാര ഗോശാലയിലാണ് സംഭവം. ഗോമാതാ വാദമുയര്‍ത്തി പിടിച്ചെടുത്ത പശുക്കളാണ് ചത്തു വീണവയില്‍ അധികവും. 

മധ്യപ്രദേശിലെ ഏറ്റവും വലിയ ഗോ സംരക്ഷണ ശാലയായ തിപാര ഗോശാലയില്‍ ഒരു ദിവസം 15 - 18 പശുക്കളാണ് എത്തുന്നത്. എന്നാല്‍ ഇതില്‍ പകുതിയെണ്ണത്തിനെ പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ല. രോഗം വന്നവയും അംഗഭംഗം വന്നവയും മുസ്ലിംങ്ങളില്‍ നിന്ന് പിടിച്ചടുക്കപ്പെട്ട പശുക്കളുമാണ് ഇവിടെ ഉള്ളത്. നടതള്ളുന്ന പശുക്കളിലധികവും രോഗബാധിതരാണെന്നതും മരണസംഖ്യ ഉയര്‍ത്തുന്നു. എന്നാല്‍ ഗോ സംരക്ഷകരെന്നറിയപ്പെടുന്ന സംഘപരിവാര്‍ സംഘടനകള്‍ക്കോ ഗ്വാളിയോര്‍ മുനിസിപ്പല്‍ അധികൃതര്‍ക്കോ പശുക്കളുടെ സംരക്ഷണത്തെ സംബന്ധിച്ച് ഒന്നും പറയാനില്ലെന്നത് വന്‍ പ്രതിഷേധത്തിന് വഴിതെളിച്ചു. നാല് മാസത്തിനിടെ 1300 പശുക്കള്‍ ചത്തുവീണിട്ടും കാര്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. 

പശുക്കളെ സംരക്ഷിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഗോശാലയിലുണ്ടെങ്കിലും ഒരു ദിവസം കുറഞ്ഞത് പത്ത് പശുക്കളെങ്കിലും ചത്തുവീഴുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാസ്റ്റിക്ക്, പോളിത്തീന്‍ എന്നിവയടങ്ങിയ ഭക്ഷണം കഴിച്ച് രോഗികളാക്കുന്നവയും അപകടത്തില്‍പ്പെടുന്ന പശുക്കളെയുമാണ് ഇവിടെ നടതള്ളുന്നത്. പലപ്പോഴും മതിയായ ചികിത്സയും സംരക്ഷണവും ലഭിക്കാതെയാണ് പശുക്കള്‍ ചാകുന്നത്. പോളിത്തീന്‍ കവറിന്റെ ഉപയോഗം നിരോധിച്ചെങ്കിലും ജനങ്ങള്‍ ഇപ്പോഴും ഇവ ഉപയോഗിക്കുന്നു. ഉപേക്ഷിക്കപ്പെടുന്ന ഇത്തരം പോളിത്തീന്‍ കവറുകള്‍ തിന്നുന്നതാണ് ഇതാണ് പശുക്കളുടെ മരണത്തിന് പ്രധാന കാരണമെന്ന് ഗ്വാളിയോര്‍ മേയര്‍ വിവേക് നാരായണ്‍ ഷേജ്വാള്‍ക്കര്‍ പറഞ്ഞു.
 

click me!