ചാലക്കുടി രാജീവ് വധക്കേസ്; അഡ്വ.ഉദയഭാനുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

By Web DeskFirst Published Nov 6, 2017, 5:48 PM IST
Highlights

തൃശൂര്‍: ചാലക്കുടി രാജീവിന്‍റെ കൊലപാതകത്തിൽ റിമാന്‍ഡിലായിരുന്ന അഡ്വ. സി.പി ഉദയഭാനുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടു നല്‍കണമെന്ന പോലീസിന്‍റെ അപേക്ഷ പരിഗണിച്ച് ഈ മാസം ഒന്‍പത് വരെയാണ് ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉദയഭാനുവിനെ കസ്റ്റഡിയിൽ വിട്ടത്.
 
രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഡ്വ സി.പി ഉദയഭാനുവിന് കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കോടതിയിൽ നല്‍കിയ റിപ്പോര്‍ട്ടിൽ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നു വരുകയാണെന്നും ഉദയഭാനുവിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടികാട്ടി വെള്ളിയാ‍ഴ്ച്ചയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നായിരുന്നു അപേക്ഷ.

ഒന്നാം തീയതി രാത്രി എട്ടരയോടെ തൃപ്പുണിത്തുറയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഉദയഭാനുവിനെ  പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം തീയതി വൈകിട്ട് കോടതിയില്‍ ഹാജരാക്കുന്നതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും പോലീസ് കണ്ടെത്തിയ കാര്യങ്ങളിൽ ചിലതു മാത്രമാണ് ഉദയഭാനു സമ്മതിച്ചത്.കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യുന്നതിനായി ചോദ്യാവലി പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. മുമ്പ് വ്യക്തമായ മറുപടി ലഭിക്കാതിരുന്ന ചോദ്യങ്ങള്‍ ഒരിക്കൽ കൂടി ആരായും.

രാജീവുമായുള്ള സ്ഥലമിടപാടുകളും തര്‍ക്കവും സംബന്ധിച്ചാണ് പോലീസ് വിവരം തേടുന്നത്. മുമ്പ് പിടിയിലായ പ്രതികളുമായി ഉദയഭാനു നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്‍റെ തെളിവുകൾ നിരത്തി ഗൂഢാലോചനയിലെ പങ്ക് സ്ഥിരീകരിക്കാനാണ് നീക്കം. കസ്റ്റഡി കാലാവധി തീരുന്ന ഒന്‍പതിന് രാവിലെ പതിനൊന്ന് മണിക്ക് ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.

click me!