
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എം കെ ദാമോദരനെതിരെ സിപിഐ. ദാമോദരന്‍റെ നിയമ ഇടപെടലുകളിലെ അതൃപ്തി നാളത്തെ ഇടതുമുന്നണി യോഗത്തിൽ സിപിഐ അറിയിക്കും. യുവജന സംഘടനയായ എ ഐ എസ്എഫിന്‍റെ ദാമോദരനെതിരായ നിലപാടിന്‍റെ പിന്നാലെയാണ് സിപിഐയും നിലപാട് കടുപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരിക്കുമ്പോൾ തന്നെ മറുവശത്ത് ക്വാറി ഉടമകൾക്കും, ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിനുമെല്ലാമായി കോടതിയിൽ ഹാജരാകുന്ന എം കെ ദാമോദരൻ സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങളുടെ ക്രെഡിറ്റ് ഇല്ലാതാക്കുകയാണെന്നാണ് സിപിഐ പറയുന്നത്. അഴിമതിമുക്ത സർക്കാറിനെയാണ് ജനം പ്രതീക്ഷിക്കുന്നത്. എന്നാൽ ഉപദേശകന്‍റെ നിയമ ഇടപെടലുകൾ തിരിച്ചടിയാകുകയാണ്.
സർക്കാറിന്‍റെ ആദ്യ നാളുകളിൽ തന്നെ പരസ്യ പ്രതികരണത്തിനു സിപിഐ ഇല്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പകരം നാളെ നടക്കുന്ന ഇടത് മുന്നണിയോഗത്തിൽ സിപിഐ നിലപാട് അറിയിക്കും.
കശുവണ്ടി കോർപ്പറേഷനിലെ അഴിമതി കേസിൽ ഐൻടിയുസി നേതാവായ പ്രതിക്ക് വേണ്ടി എം കെ ദാമോദരൻ ഹാജരാകുന്നത് സർക്കാർ തടയണമായിരുന്നുവെന്നാണ് എ.ഐ.എസ്‍ഫ് നിലപാട്. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ എതിർപ്പുമായി രംഗത്തുണ്ടെങ്കിലും എ കെ ദാമോദരനെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി. ഈ സാഹചര്യത്തിൽ സിപിഐയുടെ പ്രതിഷേധം വിലപ്പോകുമോ എന്നത് കാത്തിരുന്നത് കാണേണ്ടതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam