എംഎൽഎയെ സിപിഎം നിയന്ത്രിക്കണം; എസ് രാജേന്ദ്രനെതിരെ കെകെ ശിവരാമൻ

By Web TeamFirst Published Feb 10, 2019, 11:12 AM IST
Highlights

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ കൂട്ടുനിൽക്കുന്നത് ശരിയല്ല. പദവിക്ക് ചേരാനാകാത്ത വിധം എംഎൽഎ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ

ഇടുക്കി: സബ്കളക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവത്തിൽ എംഎൽഎക്കെതിരെ ആഞ്ഞടിച്ച് സിപിഐ. സംസ്കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എംഎൽഎ എസ് രാജേന്ദ്രനെ നിയന്ത്രിക്കാൻ സിപിഎം തയ്യാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ ആവശ്യപ്പെട്ടു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ കൂട്ടുനിൽക്കുന്നത് ശരിയല്ല. പദവിക്ക് ചേരാനാകാത്ത വിധം എംഎൽഎ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എംഎൽഎ എസ് രാജേന്ദ്രനോട് വിശദീകരണം ചോദിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും വ്യക്തമാക്കിയിരുന്നു. സബ്കളക്ടറോട് മോശമായി പെരുമാറിയോ എന്ന കാര്യം പാര്‍ട്ടി അന്വേഷിക്കുമെന്നും തെറ്റായ നടപടികൾ വച്ച് പൊറുപ്പിക്കാനാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു 


റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സ്ബ് കലക്ടറെ അധിക്ഷേപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തിയത്. " ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ "എസ് രാജേന്ദ്രൻ എംഎല്‍എ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു. പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു. 

പഞ്ചായത്തിന്‍റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വെച്ചാണ് എംഎൽഎ അപമാനിച്ചത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് എന്‍ഒസി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതല്‍ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എന്‍ഒസി വാങ്ങാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയത്.  

click me!