സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; കാനം വീണ്ടും സെക്രട്ടറിയാവും

By Web DeskFirst Published Mar 4, 2018, 6:19 AM IST
Highlights

മുഖ്യമന്ത്രി  അടക്കം മന്ത്രിമാരേയും സർക്കാറിന്റെ പ്രവർത്തനത്തെയും അതിനിശിതമായി വിമർശിച്ച സംസ്ഥാന സമ്മേളനം പക്ഷേ ശ്രദ്ധയാകർഷിച്ചത് മുതിർന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിര അവതരിപ്പിച്ച കുറ്റപത്രത്തിലൂടെയാണ്.

പുതിയ സംസ്ഥാന സമിതിയേയും സെക്രട്ടറിയേയും തിരഞ്ഞെടുത്ത് സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും . സംസ്ഥാന സെക്രട്ടറിയായി കാനം രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടും.

മുഖ്യമന്ത്രി  അടക്കം മന്ത്രിമാരേയും സർക്കാറിന്റെ പ്രവർത്തനത്തെയും അതിനിശിതമായി വിമർശിച്ച സംസ്ഥാന സമ്മേളനം പക്ഷേ ശ്രദ്ധയാകർഷിച്ചത് മുതിർന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിര അവതരിപ്പിച്ച കുറ്റപത്രത്തിലൂടെയാണ്. ഇസ്മയിലിന്റെ ചട്ട ലംഘനങ്ങള്‍ നിരത്തുന്ന കണട്രോൾ കമ്മീഷൻ റിപ്പോർട്ട് സമ്മേളന റിപ്പോർട്ടിന്റെ ഭാഗമാക്കിയതിൽ വലിയ വിമര്‍ശനമുയർന്നു. സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്ന് പ്രതിനിധി ചർച്ചയിൽ പൊതുവുകാരമുയർന്നപ്പോൾ പ്രതിരോധത്തിലായത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്.  വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെട്ടു. വിമർശമമുയർന്നെങ്കിലും ന്യായാന്യായങ്ങളിലേക്ക് കാനം കടക്കാത്തതും ശ്രദ്ധേയമായി. അതേസമയം റിപ്പോർട്ട് ചോർന്നതിന്റെ ഉത്തരവാദിത്തം പ്രതിനിധികൾക്കാണെന്ന് കാനം കുറ്റപ്പെടുത്തുകയും ചെയ്തു. 

സംസ്ഥാന കൗണസിൽ, സെക്രട്ടറി തെരഞ്ഞെടുപ്പുകളാണ് അവസാന ദിന അജണ്ട. സംസ്ഥാന സെന്ററിൽ നിന്ന് നിർദ്ദേശിക്കുന്ന കൗൺസിൽ അംഗങ്ങളെ കൂടാതെ ജില്ലകൾക്ക് അനുവദിച്ച ക്വാട്ടയിലേക്ക് ജില്ലാഘടകങ്ങൾ തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് സിപിഐ പതിവ്. ഇതില്‍ ഒരുപക്ഷേ മത്സരം നടക്കാനുള്ള സാദ്ധ്യതയും ഉണ്ട്. ഇസ്മയിലിനെതിരായ വിമർശനവും ഇതെ തുടർന്ന് സമ്മേളന ചർച്ചക്കിടെ ഇസ്മയിൽ നേടിയെടുത്ത അനുകൂല വികാരവും തെരഞ്ഞെടുപ്പിൽ പീതിഫലിക്കുമോ എന്നതും ശ്രദ്ധേയമാണ്. വൈകിട്ട് അഞ്ച് മണിക്കാണ് റെഡ് വളണ്ടിയര്‍  മാർച്ചും പൊതു സമ്മേളനവും. ദേശീയ നേതാക്കൾ അടക്കം പ്രമുഖർ പങ്കെടുക്കും.


 

click me!