
ഷില്ലോങ്: മേഘാലയയില്‍ സർക്കാർ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റിലും ഫലപ്രഖ്യാപനം പൂരത്തിയായപ്പോൾ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. അതേസമയം നാഗാലാന്‍ഡില്‍ ബിജെപി എന്‍ഡിപിപി സഖ്യം അധികാരത്തിലേറാന്‍ സാധ്യതയേറി.
മേഘാലയയില്‍ മുന്‍ ലോകസഭാ സ്പീക്കര്‍ പി.എ.സാംഗ്‍മ രൂപീകരിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 19സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഈ സാഹചര്യത്തില്‍ 17 സീറ്റുകളില്‍ ജയിച്ച ആറ് ചെറുപാര്‍ട്ടികളും മൂന്ന് സ്വതന്ത്രരുമാണ് മേഘാലയ ആരും ഭരിക്കണം എന്ന് തീരുമാനിക്കുക. ബിജെപിയുടേയും മറ്റ് ചെറുപാര്‍ട്ടികളുടെയും സഹായത്തോടെ സര്‍ക്കാരുണ്ടാക്കുമെന്നാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രഖ്യാപനം. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക പ്രതിനിധിയും രാഹുല്‍ഗാന്ധിയുടെ ദൂതന്മാരായി അഹമ്മദ് പട്ടേലും കമല്‍നാഥും ഷില്ലോങിൽ വിവിധ പാർട്ടികളുമായി ചർച്ച തുടങ്ങിയിട്ടുണ്ട്.
നാഗാലാന്റില്‍ ബിജെപി സഖ്യവും നാഗ പീപ്പിള്‍സ് ഫ്രണ്ടും 29 സീറ്റ് വീതമാണ് നേടിയിരുന്നത്. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ടോംഗ് പാങ് ഒസുകുവും ജനതാദള്‍ യുണൈറ്റഡും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി സഖ്യത്തിന് സാധ്യതയേറിയത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്. പിന്തുണ അറിയിച്ച് സ്വതന്ത്രന്‍ ബിജെപി നേതൃത്വത്തിന് കത്ത് കൈമാറിയിട്ടുണ്ട്. ജെഡിയു കത്ത് നല്‍കിയിട്ടില്ലെങ്കിലും ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപി മുതിര്‍ന്ന നേതാവ് രാം മാധവ് നാഗാലാന്‍ഡിലെത്തിയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. ബിജെപിയുമായി ചേര്‍ന്ന് അധികാരം പങ്കിടാന്‍ താല്‍പര്യമുണ്ടെന്ന് കാട്ടി നാഗാ പീപ്പിള്‍സ് ഫ്രണ്ട് കത്ത് നല്‍കിയിരുന്നെങ്കിലും സഖ്യകക്ഷിയായ എന്‍ഡിപിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാനാണ് താല്‍പര്യമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിരണ്‍ റിജിജു വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam