സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ചവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി. നിയമലംഘകരെ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

റിയാദ്: സൗദി അറേബ്യയിൽ താമസ-തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം വിവിധ നിയമലംഘനങ്ങളുടെ പേരിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 8,104 പേരെ നാടുകടത്തിയതായി മന്ത്രാലയം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

നിയമലംഘകരെ കണ്ടെത്തുന്നതിനായി നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ ആകെ 21,320 പേരാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ഇതിൽ താമസ നിയമം ലംഘിച്ച 15,339 പേരും, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,687 പേരും, തൊഴിൽ നിയമങ്ങൾ പാലിക്കാത്ത 2,294 പേരും ഉൾപ്പെടുന്നു. പിടിയിലായവരിൽ വലിയൊരു വിഭാഗം ഇത്യോപ്യൻ, യമൻ പൗരന്മാരാണ്.

നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി 14,363 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ 2,206 പേരെ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി റഫർ ചെയ്യുകയും ചെയ്തു. നിലവിൽ 19,965 പുരുഷന്മാരും 1,608 സ്ത്രീകളും ഉൾപ്പെടെ ആകെ 21,573 വിദേശികളാണ് വിവിധ ശിക്ഷാ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും അവർക്ക് താമസസൗകര്യമോ ജോലിയോ നൽകി സഹായിക്കുന്നവർക്കും എതിരെ കടുത്ത ശിക്ഷാ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.