കോൺഗ്രസിനെ ഒഴിവാക്കി ദേശീയ സഖ്യം സാധ്യമല്ലെന്ന് സിപിഐ

By Web DeskFirst Published Jun 14, 2017, 12:02 PM IST
Highlights

ദില്ലി: കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാട് ആവർത്തിച്ച് സിപിഐ. കോൺഗ്രസിനെ ഒഴിവാക്കി വർഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് സിപിഐ വ്യക്തമാക്കി. വെള്ളിയാഴ്ച തുടങ്ങുന്ന സിപിഐ ദേശീയ കൗൺസിൽ കോൺഗ്രസുമായും സഖ്യം വേണമെന്ന് നിർദ്ദേശിക്കുന്ന റിപ്പോർട്ടിന് അംഗീകാരം നല്കും.

സംഘപരിവാറിനെതിരെ കോൺഗ്രസ് കൂടി ഉൾപ്പെട്ട വിശാലസഖ്യം വേണമെന്ന സിപിഐയുടെ നിലപാട് സിപിഎം നേരത്തെ തള്ളിയിരുന്നു.ബിജെപിയേയും കോൺഗ്രസിനെയും ഒരു പോലെ എതിർക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് ഇല്ലാതെയുള്ള ഒരു മതേതരസഖ്യം പ്രായോഗികമല്ല എന്ന നിലപാടിൽ ഉറച്ചു നില്ക്കുന്നു എന്ന് സിപിഐ വ്യക്തമാക്കി

ഇടതുപക്ഷവും എല്ലാ മതേതര സാമൂഹ്യ പ്രസ്ഥാനങ്ങളും ഒന്നിക്കണം. സിപിഐയുടെ നിലപാട് കോൺഗ്രസിനേയും ഈ യോജിച്ച മുന്നേറ്റത്തിൽ ഒപ്പം കൂട്ടണമെന്നാണ്. കാരണം അവർ ഇന്ത്യയിലുടനീളമുള്ള മതേതര ശക്തിയാണ്. അവരെ ചേർക്കാനാവില്ല എന്ന് എങ്ങനെ പറയും? - ഡി.രാജ, സിപിഐ ദേശീയ സെക്രട്ടറി

 നേരത്തെ സിപിഐ ദേശീയ നിർവ്വാഹക സമിതി അംഗീകരിച്ച നിലപാടിന് വെള്ളിയാഴ്ച തുടങ്ങുന്ന സിപിഐ ദേശീയ കൗൺസിൽ പച്ചക്കൊടി കാട്ടും. സിപിഎമ്മിനെ ഇത് ബോധ്യപ്പെടുത്താനുള്ള ശ്രമം സിപിഐ തുടരും. സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായ നിലപാട് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കാലത്ത് സ്വീകരിക്കണമെന്ന അഭിപ്രായവും  സിപിഐക്കുള്ളിൽ ഉയരുന്നുണ്ട്. 
 

click me!