
കോടതി വിധിയെത്തുടര്‍ന്ന് മാറ്റി സ്ഥാപിക്കേണ്ടി വരുന്ന മദ്യശാലകളെ എതിര്‍ക്കുന്ന സി.പി.എം പ്രവര്‍ത്തകരും ജനപ്രതിനിധികളും പാര്‍ട്ടിയിലുണ്ടാവില്ലെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്. ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ക്ക് നല്‍കിയ സ്റ്റോപ് മെമ്മോകള്‍ പിന്‍വലിക്കാന്‍ ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചതായി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. വൈദികരുടെ വേഷത്തില്‍ സമരമുഖത്തുള്ളത് കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമാണെന്നും സജിചെറിയാന്‍ ആരോപിച്ചു.
മദ്യശാലകള്‍ക്കെതിരായ നിലപാട് എടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാനാണ് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സംസ്ഥാനത്തെ എക്‌സൈസ് മന്ത്രിയുടെ ചുമതലയുള്ള ജി സുധാകരന്റെ ജില്ലയിലെ പാര്‍ട്ടി സെക്രട്ടറിയാണ് നിലപാട് പരസ്യമാക്കിയത്. കുട്ടനാട്ടിലെ കൈനകരി ഉള്‍പ്പെടെ സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളില്‍ ബെവ്കോ ഔട്‍ലെറ്റുകള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും മദ്യശാലകള്‍ക്കെതിരായി നിലപാടെടുക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും സജി ചെറിയാന്‍ തുറന്നടിച്ചു.
മദ്യശാലകള്‍ക്കെതിരായ സമരങ്ങള്‍ നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്നതാണെന്ന കാഴ്ചപ്പാടാണ് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിക്കുള്ളത്. കോടതി വിധിയെത്തുടര്‍ന്ന് മാറ്റേണ്ടി വന്ന മദ്യശാലകള്‍ മറ്റ് സ്ഥലങ്ങളില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട സഹായം പാര്‍ട്ടി ചെയ്ത് കൊടുക്കും. വൈദികരുടെ വേഷത്തില്‍ സമര മുഖത്തുള്ളത് കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമാണെന്നും സജിചെറിയാന്‍ ആരോപിക്കുന്നു. മദ്യത്തില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് പഞ്ചായത്തുകളില്‍ വികസന പ്രവര്‍ത്തനം നടത്തുന്നതെന്ന കാര്യം മറക്കരുത്. മദ്യം ഉപയോഗിക്കേണ്ടവര്‍ക്ക് മദ്യം കിട്ടിയേ തീരൂ എന്നും സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam