
മാനന്തവാടി:രാജ്യത്ത് എവിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടായാലും പരാതിക്കാര്‍ക്കൊപ്പമായിരിക്കും നില കൊള്ളുകയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പികെ ശശിക്കെതിരായ പരാതിയില്‍ പരാതിക്കാരിക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ബൃന്ദ വ്യക്തമാക്കി. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോ എന്ന് അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാകൂ എന്നും അവര്‍ പറഞ്ഞു. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഈ മേഖലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ ബൃന്ദ സന്ദര്‍ശിച്ചു.
ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിച്ചത് ലോകത്തിന് മാതൃകയാണെന്ന് ബൃന്ദ കാരാട്ട് ചൂണ്ടികാട്ടി. ദുരന്തസമയത്ത് ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളജനത ഒറ്റക്കെട്ടായി. ഇത് മാതൃകാ പരമാണെന്നും, നവകേരളം കെട്ടിപ്പടുക്കാന്‍ ഈ ഐക്യവും നിശ്ചയദാര്‍ഢ്യവും തുടരണമെന്നും അവര്‍ ആഹ്വാനം ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും പ്രവര്‍ത്തനങ്ങളെയും ബൃന്ദ പ്രകീര്‍ത്തിച്ചു.
കണ്ണൂരിലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രളയബാധിതര്‍ക്ക് നല്‍കുന്ന സഹായവിതരണവും ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു. കഠിനമായ സാഹചര്യത്തിലൂടെയാണ് കേരളജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ദുരന്തം ഏറെ വേട്ടയാടിയത് വനിതകളെയും കുട്ടികളെയുമാണ്. പ്രളയക്കെടുതിക്കിടയിലും ചില സങ്കുചിത താല്‍പ്പര്യക്കാര്‍ സോഷ്യല്‍മീഡിയവഴി കുപ്രചരണങ്ങള്‍ നടത്തി. വര്‍ഗ്ഗീയപരമായി പോലും കാര്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇത്തരക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ കേരളത്തെ പുനര്‍ജ്ജീവിപ്പിക്കേണ്ട സമയമാണെന്നും അത്തരക്കാര്‍ക്ക് മറുപടി നല്‍കേണ്ട സമയമല്ലെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam