കാനം രാജേന്ദ്രനെതിരെ സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി

By Web DeskFirst Published Jul 30, 2016, 2:18 PM IST
Highlights

കൊച്ചി: സി പി ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ തുറന്നടിച്ച് സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി. വിഭാഗീയതയുടെ പേരില്‍ പുറത്താക്കിയ സി പി ഐ എമ്മുകാരെ സി പി ഐയിലെടുത്ത നടപടി ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കുമെന്ന് ജില്ലാ സെക്രട്ടറി  പി രാജീവ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. നാളുകളായി സി പി ഐ എമ്മില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ ഇതോടെ ഇടതുമുന്നണിയിലേക്കും വ്യാപിക്കുകയാണ്.
 
തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ വിഭാഗീയതുടെ പേരില്‍ സി പി ഐ എം നിരവധി പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇവരെ സി പി ഐ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ് ഇപ്പോള്‍ സി പി ഐ എമ്മിന്റെ രൂക്ഷ വിമര്‍ശനത്തിന്  വിധേയമായതത്. ഉദയംപേരൂരില്‍ പൊതുസമ്മേളനം വിളിച്ചു കൂട്ടി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്. അഞ്ഞൂറിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങ് നടന്ന് ഒരാഴ്ചക്ക് ശേഷമാണ് സി പി എം ജില്ലാ നേതൃത്വം ഇതിന് മറുപടി നല്‍കുന്നത്. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും സി പി എം വിരുദ്ധ പ്രചാര വേലക്കും ശ്രമിക്കുന്ന സി പി ഐ നടപടി ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കുമെന്ന് ജില്ലാ സെക്രട്ടറി പി രാജീവിന്റെ പ്രസ്താവനയില്‍ പറയുന്നു. രക്തസാക്ഷിയുടെ ഭാര്യയോട് വരെ  തെറ്റായ സമീപനം സ്വീകരിച്ചതിനും തെരഞ്ഞെടുപ്പില്‍ വര്‍ഗ ശത്രുക്കളെ സഹായിച്ചതിനുമാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഇവരെ മാലയിട്ട് സ്വീകരിച്ച കാനം രാജേന്ദ്രന്റെ നിലപാട് ഇടതു ഐക്യം ദുര്‍ബലപ്പെടുത്തും. ഇത്തരക്കാരെ ഒപ്പം ചേര്‍ത്ത് കാനം ആരെയാണ് ശ്കതിപ്പെടുത്തന്നതെന്ന് കാലം തെളിയിക്കും. വര്‍ഗ ശത്രുക്കള്‍ക്ക് വിടുപണി ചെയ്യുന്നവരെ കൂടെ കൂട്ടാന്‍  കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കഴിയുമെന്ന കാനത്തിന്റെ കണ്ടുപിടിത്തം സി പി ഐയെ രക്ഷപ്പെടുത്തുമെങ്കില്‍ നല്ലതെന്ന് പറഞ്ഞു കൊണ്ടാണ് പി രാജീവന്റെ പ്രസ്താവന അവസാനിക്കുന്നത്.

click me!