മെത്രാന്‍ കായലില്‍ സിപിഐഎം കൃഷിയിറക്കി

By Web DeskFirst Published Dec 4, 2016, 1:41 AM IST
Highlights

വിവാദമായ മെത്രാന്‍ കായലില്‍ കൊടികുത്തി കര്‍ഷകര്‍ വിത്തിറക്കി. റിസോര്‍ട്ട് കമ്പനിയുടെ പാടത്ത് സി പി ഐ എം നേതൃത്വത്തില്‍ പ്രദേശത്തെ കര്‍ഷക തൊഴിലാളികള്‍ ആണ് വിത്തിറക്കിയത്. അതേസമയം സര്‍ക്കാര്‍ വിത്തിറിക്കിയ മെത്രാന്‍ കായലില്‍ വേണ്ടത്ര ചാലുകളില്ലാത്തതിനാല്‍ വെള്ളം കിട്ടാത്തത് കര്‍ഷകരെ വലയ്ക്കുന്നു.

കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കൃഷിയിറിക്കിയത് 25 ഏക്കറില്‍ മാത്രം. വിവിധ കര്‍ഷകരുടെ പാടങ്ങളാണിത്. ബാക്കി 378 ഏക്കറും റിസോര്‍ട്ട് നിര്‍മാണത്തിനായി പാടം വാങ്ങിക്കൂട്ടിയ റെക്കിന്‍ഡോ ഡെവലപ്പേഴ്‌സിന്റേത്. ഈ സ്ഥലമടക്കം വിതയ്ക്കായി സര്‍ക്കാര്‍ ഒരുക്കിയെങ്കിലും കമ്പനി കൃഷിയിറക്കിയില്ല. ഈ സാഹചര്യത്തിലാണ് കമ്പനി, കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഏക്കറു കണക്കിന് പാടത്ത് നാട്ടുകാര്‍ കൊടി കുത്തി വിതയ്ക്കുന്നത്.

കമ്പനി കൃഷിയിറക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൃഷിയിറക്കാമെന്ന് നേരത്തെ കൃഷിമന്ത്രി പറഞ്ഞിരുന്നു. മെത്രാന്‍ കായലില്‍ ഒരു കാരണവശാലും റിസോര്‍ട്ട് കെട്ടാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷക തൊഴിലാളികളുടെ മുന്നറിയിപ്പ്.  


അതേസമയം ബണ്ട് കെട്ടി വെള്ളം വറ്റിച്ച് പാടമൊരുക്കിയെങ്കിലും പാടത്ത് വെള്ളമെത്തിക്കാനുള്ള ചാലു കൃഷി വകുപ്പ് കോരിയില്ല. ഇതോടെ വിത്തിറക്കിയ പാടത്തെ വെള്ളമെത്തുന്നില്ല. മഴക്കുറവും മെത്രാന്‍ കായല്‍ കൃഷിക്ക് വെല്ലുവിളിയാവുകയാണ്.

click me!