ശശി എംഎല്‍എക്കെതിരായ പരാതിയില്‍ സിപിഎം അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും

By Web TeamFirst Published Sep 24, 2018, 6:48 AM IST
Highlights

അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെയാണ് നാല് നേതാക്കളുടെ മൊഴി കൂടി അന്വേഷണ സംഘമെടുക്കുന്നത്.

പാലക്കാട്: പി.കെ. ശശി എംഎൽഎയ്ക്കെതിരെ ഡിവൈഎഫ്ഐ വനിത നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ സിപിഎം അന്വേഷണ സംഘം സിപിഎം പ്രവർത്തകരിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകരിൽ നിന്നും ഇന്ന് മൊഴിയെടുക്കും. സംഭവത്തിന്റെ യഥാർത്ഥ വശം അറിവുളളവരാണ് ഇവരെന്ന് പെൺകുട്ടിയും പി.കെ. ശശിയും കമ്മീഷനോട് വ്യക്തമാക്കിയിരുന്നു.

അതേസമയം ഒത്തുതീർപ്പിനുളള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നതായി ഒരുവിഭാഗം നേതാക്കൾ പറയുന്നു. പി.കെ. ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെയാണ് നാല് നേതാക്കളുടെ മൊഴി കൂടി അന്വേഷണ സംഘമെടുക്കുന്നത്.

സംഭവത്തിന്റെ യഥാർത്ഥ വശങ്ങളെന്തെന്ന് ഇവർക്കറിയാമെന്ന് പെൺകുട്ടിയും ശശിയും അന്വേഷണ കമ്മീഷന് മൊഴി നൽകിയിരുന്നു. രണ്ട് ഡിവൈഎഫ്ഐ നേതാക്കളുടെയും രണ്ട് സിപിഎം പ്രവർത്തകരുടെയും മൊഴിയാണ് അന്വേഷണ സംഘമെടുക്കുക.

പാർട്ടി നടപടി ക്രമങ്ങൾ പുരോഗമിക്കുമ്പോഴും പരാതി പിൻവലിക്കാൻ പെൺകുട്ടിക്ക് മേൽ സമ്മർദ്ദമുണ്ടെന്നാണ് സൂചന. കമ്മീഷനംഗമായ മന്ത്രി എ.കെ. ബാലന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പെൺകുട്ടിയെ നേരിട്ട്കണ്ട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതായി ഒരുവിഭാഗം പ്രവർത്തകർ പറയുന്നു.

എന്നാൽ, പെൺകുട്ടി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായാണ് ആവർത്തിച്ചതെന്നറിയുന്നു. ഇതടക്കമുളള വിശദാംശങ്ങൾ ശേഖരിച്ച ശേഷമാകും അന്തിമ റിപ്പോർട്ട് പാർട്ടിക്ക് സമർപ്പിക്കുക. അടുത്തയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളിൽ ശശിക്കെതിരായ നടപടിയുടെ കാര്യത്തിൽ തീരുമാനമാകും. ശശിക്കെതിരായ നടപടി സംഘടാതലത്തിൽ മാത്രം ഒതുക്കാൻ ശ്രമം നടക്കുന്നെന്ന ആരോപണവും ശക്തമാണ്.

click me!