സിപിഎം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് മുതല്‍

By Web DeskFirst Published Jan 2, 2018, 8:09 AM IST
Highlights

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനം ഇന്ന്  തുടങ്ങും. പ്രാദേശിക തലത്തിലെ വിഭാഗീയത മൂലം 8 ഏരിയാ കമ്മിറ്റികളില്‍ മത്സരം നടന്നത് ചര്‍ച്ചയാകും. കേരളാ കോണ്‍ഗ്രസ് എമ്മുമായുള്ള സഹകരണവും ചര്‍ച്ചയില്‍ ഉയരും. താഴെത്തട്ടില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിപിഎം കോട്ടയം ജില്ലാ സമ്മേളനം. ജില്ലയില്‍ ആകെയുള്ളത് 12 ഏരിയാ കമ്മിറ്റികള്‍. ഇതില്‍ എട്ടിടത്തേക്കും മത്സരം നടന്നു. 

പാലാ, പുതുപ്പള്ളി എന്നിവിടങ്ങളില്‍ നിലവിലെ സെക്രട്ടറിമാര്‍ തോറ്റത് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയായിരുന്നു. പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന്റെ ജയത്തെത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്ക് ഇപ്പോഴും ശമനമുണ്ടായിട്ടില്ല. ഇക്കാര്യങ്ങള്‍ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന് വരും. ഇതിനൊപ്പം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുള്ള സഹകരണം ഏത് തരത്തില്‍ വേണമെന്നും ചര്‍ച്ചകള്‍ ഉണ്ടാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിനെ പിന്തുണച്ചത് നേട്ടമായെന്നാണ് ജില്ലാ ഘടകത്തിന്‍റെ വിലയിരുത്തല്‍. ബാര്‍ കോഴ കേസില്‍ ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടും മാണിക്ക് പിന്തുണ നല്‍കാനുള്ള നീക്കം ശരിയായില്ലെന്ന വാദവും ഉയരും. ഇന്ന് രാവിലെ 10 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. നിലവിലെ ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ തുടര്‍ന്നേക്കും. എന്നാല്‍ ജില്ലാ കമ്മിറ്റിയിലേക്ക് മത്സരമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

click me!