ഗെയില്‍; സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് സിപിഎം സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍

By Web DeskFirst Published Nov 18, 2017, 6:55 AM IST
Highlights

ഗെയില്‍  പദ്ധതിയിലെ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് സി.പി.എം സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍. കോഴിക്കോട് ജില്ലയിലെ വിവിധ ലോക്കല്‍ സമ്മേളനങ്ങളിലാണ് പദ്ധതി നടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കിയത്.

ഗെയില്‍ സമരം വികസന വിരുദ്ധരുടെ സൃഷ്‌ടിയെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിനിടെയാണ് സി.പി.എം സമ്മേളനങ്ങളില്‍ ഗെയില്‍ ചൂടേറിയ ചര്‍ച്ചയാകുന്നത്. പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ബ്രാഞ്ച്, ലോക്കല്‍, ഏരിയാ സമ്മേളനങ്ങളിലെ മുഖ്യ ചര്‍ച്ച ഗെയില്‍ തന്നെ. കോഴിക്കോട് ജില്ലയില്‍ മുക്കം സൗത്ത്, ഉണ്ണിക്കുളം, അരീക്കോട്, കാവന്നൂര്‍, കാരശേരി സൗത്ത്, ഓമശേരി തുടങ്ങിയ ലോക്കല്‍ സമ്മേളനങ്ങള്‍ ഗെയില്‍ പദ്ധതിയെ ചോദ്യം ചെയ്ത് പ്രമേയം പാസാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാരം മതിയായതല്ലെന്നും ജനവാസ മേഖലകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഓമശേരി ലോക്കല്‍ സമ്മേളനമാകട്ടെ പദ്ധതിയുടെ അലൈന്‍മെന്‍റ് പൂര്‍ണമായും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. അതായത്, സമരസമിതി ഉന്നയിക്കുന്ന അതേ ആവശ്യങ്ങള്‍ തന്നെയാണ് സി.പി.എം സമ്മേളന വേദികളിലും ഉയരുന്നത്. 

നേരത്തെ സി.പി.എം ഭരിക്കുന്ന കാരശേരി പഞ്ചായത്ത് ഗെയില്‍ പദ്ധതി നടത്തിപ്പിനെതിരെ മൂന്നു വട്ടം പ്രമേയം പാസാക്കിയിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പദ്ധതിയെ എതിര്‍ത്തിരുന്ന പ്രാദേശിക സി.പി.എം നേതൃത്വം സമരത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സമ്മേളനങ്ങളില്‍ ഉയരുന്നത് വ്യവസായ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ സി.പി.എം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ മാത്രമാണെന്ന് ജില്ലാ നേതൃത്വം പറയുന്നു. മുക്കത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരവുമായി സഹകരിക്കുന്നത് വസ്തുവകകള്‍ നഷ്‌ടപ്പെടുമെന്ന ആശങ്ക കൊണ്ടാണെന്നും ഇതിന് വലിയ പ്രാധാന്യം നല്‍കേണ്ടന്നുമാണ് നേതൃത്വത്തിന്‍റെ നിലപാട്.

 

click me!