എം.എം മണിക്കെതിരായ നടപടി തീരുമാനിക്കാന്‍ ഇന്ന് സി.പി.എം സംസ്ഥാന സമിതി

By Web DeskFirst Published Apr 26, 2017, 1:15 AM IST
Highlights

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ മന്ത്രി എം.എം മണിക്കെതിരെ സ്വീകരിക്കേണ്ട നടപടി തീരുമാനിക്കാന്‍ സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന്ചേരും. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മണിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. അതേ സമയം പാർട്ടി സ്വീകരിക്കുന്ന ഏത് നടപടിയും നേരിടാൻ തയ്യാറാണെന്ന് മന്ത്രി മണി പ്രതികരിച്ചു.

മൂന്നാർ വിഷയത്തിൽ തുടർച്ചയായി എം.എം മണി നടത്തിയ പരാമർശങ്ങൾ മന്ത്രി പദത്തിന് യോജിച്ച ഭാഷയില്ലലെന്ന വമിർശനമാണ് സെക്രട്ടേറിയറ്റിൽ ഉണ്ടായത്. വാക്കുകൾ ഉപയോഗിക്കുന്നതിലെ സൂക്ഷമതക്കുറവിന്റെ പേരിൽ സർക്കാരും  പാർട്ടിയും പഴികേൾക്കേണ്ടി വരികയാണെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയും എം.എം മണിയുമടക്കം പങ്കെടുത്ത യോഗത്തില്‍ ശക്തമായ വിമർശനമാണ് ഉയർന്നത്. പാർട്ടി ചൂണ്ടാക്കാണിക്കുന്ന വീഴ്ചകൾ തിരുത്താമെന്ന് മണി യോഗത്തിൽ പറഞ്ഞു. പാർട്ടി സ്വീകരിക്കുന്ന ഏത് നടപടിയും  നേരിടുമെന്നും യോഗ ശേഷം മണി പ്രതികരിച്ചു.

സെക്രട്ടേറിയറ്റിൽ നടപടി സംബന്ധിച്ച ധാരണയായെങ്കിലും അന്തിമ തീരുമാനം സംസ്ഥാന സമിതിയിലെ ചർച്ചകൾ കൂടി അനുസരിച്ചാണ്. എന്നാൽ കടുത്ത നടപടിക്ക് പകരം പരസ്യ ശാസനയോ, താക്കീതോ പോലുള്ള അച്ചടക്ക നടപടിയിൽ ഒതുങ്ങും മണിക്കെതിരായ നടപടിയെന്നാണ് സൂചന.

click me!