ജഡ്ജി ലോയയുടെ മരണത്തിലെ ദുരൂഹത; അന്വേഷണം വേണമെന്ന് സിപിഎം

By Web deskFirst Published Nov 23, 2017, 6:21 PM IST
Highlights

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട മുംബൈ സിബിഐ പ്രത്യേക ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം. ലോയയുടെ മരണത്തില്‍ നിലനില്‍ക്കുന്ന ദുരൂഹത, അഴിമതി, നിയമം വളച്ചൊടിക്കല്‍  എന്നിവയില്‍ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ വ്യക്തമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു. 

നാഗ്പുരില്‍ 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ലോയയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ദുരൂഹത നിലനില്‍ക്കുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 

അമിത് ഷാ ഉള്‍പ്പെട്ട  സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയ. ഈ കേസുതന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതും. ഒരു ജഡ്ജി തന്നെ വാദം പൂര്‍ണമായി കേള്‍ക്കണമെന്നും നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതി 2012 ല്‍ സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റിയത്.

അമിത് ഷായോട് കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നതിന്റെ തലേ ദിവസം ആദ്യ ജഡ്ജി ജെ.ടി. ഉത്പതിനെ സ്ഥലംമാറ്റി. തുടര്‍ന്നാണ് ലോയ ചുമതലയേറ്റത്. മുംബൈയിലുണ്ടായിട്ടും അമിത് ഷാ ഒക്ടോബര്‍ 31ന് കോടതിയില്‍ ഹാജരാകാത്തതിനെ ലോയ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡിസംബര്‍ 15ലേക്കു കേസ് മാറ്റുകയും ചെയ്തു. എന്നാല്‍ ഈ കേസില്‍ വാദം കേള്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഡിസംബര്‍ ഒന്നിനായിരുന്നു ലോയയുടെ മരണം.

2014 നവംബര്‍ 30 ന് സഹപ്രവര്‍ത്തകനായ ജഡ്ജിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ലോയ നാഗ്പൂരിലെത്തിയത്. രാത്രി ഭാര്യ ശര്‍മിളയെ വിളിച്ചു സംസാരിച്ചിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിന് ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാര്‍ദെ, ലോയ മരിച്ചെന്ന് വീട്ടിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. രാത്രി 12.30ന് ലോയയ്ക്ക് നെഞ്ചുവേദനയുണ്ടായെന്നും ഓട്ടോറിക്ഷയില്‍ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് പറഞ്ഞത്. അവിടെ നിന്നു പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുമ്പ് മരിച്ചെന്നായിരുന്നു അദ്ദേഹം വിളിച്ചറിയിച്ചത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതി  കുടുംബവീടായ ലത്തൂരിലെ ഗടേഗാവില്‍ എത്തിക്കും. ആരും നാഗ്പൂരിലേക്ക് ചെല്ലേണ്ടെന്നും അദ്ദേഹം പറഞ്ഞതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

ജഡ്ജി ആയിരുന്നിട്ടും അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ കൂടെ ആംബുലന്‍സ് ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. മൃതദേഹത്തിന്റെ തലയ്ക്കു പിന്നില്‍ മുറിവുണ്ടായിരുന്നു. ഷര്‍ട്ടിന്റെ കോളറില്‍ രക്തക്കറയും. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് വീട്ടുകാരാവശ്യപ്പെട്ടെങ്കിലും ലോയയുടെ സഹപ്രവര്‍ത്തകര്‍ നിരുല്‍സാഹപ്പെടുത്തി. ലോയയുടെ മൊബൈല്‍ ഫോണ്‍ നാലാം ദിവസമാണ് എത്തിച്ചത്. ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം നശിപ്പിച്ചിരുന്നു. മരിച്ചയാളുടെ വസ്ത്രവും മറ്റു സാധനങ്ങളും ഫോണും കൈമാറിയത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതി ആണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. 

click me!