പ്രമേയത്തിൽ മാറ്റം വരുത്തി; പാർട്ടി കോൺഗ്രസിലെ ഭിന്നത സി.പി.എം പരിഹരിച്ചു

By Web DeskFirst Published Apr 20, 2018, 10:16 PM IST
Highlights

പൊതുചർച്ച പൂർത്തിയായ ശേഷം ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സമവായത്തിന് വഴി തെളിഞ്ഞത്.

ദില്ലി: കരടു രാഷ്ട്രീയ പ്രമേയത്തിലെ ഭിന്നത വോട്ടെടുപ്പില്ലാതെ സി.പി.എം പാർട്ടി കോൺഗ്രസ് പരിഹരിച്ചു. കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ല എന്ന നിലപാട്, കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്ന് മാറ്റിയെഴുതിയാണ് പോളിറ്റ് ബ്യൂറോ ഒത്തുതീർപ്പ് കൊണ്ടുവന്നത്. രാഷ്ട്രീയ സഖ്യമില്ല എന്നതിൽ തെരഞ്ഞെടുപ്പ് സഖ്യവും ഉൾപ്പെടും എന്ന് പ്രകാശ് കാരാട്ട് വിശദീകരിച്ചു. അതേ സമയം പ്രമേയം മാറ്റിയെഴുതിയത് വിജയമായി ബംഗാൾ പക്ഷം അവകാശപ്പെടുന്നു.

സി.പി.എം പാർട്ടി കോൺഗ്രസിൽ പൊതുചർച്ച പൂർത്തിയായ ശേഷം ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സമവായത്തിന് വഴി തെളിഞ്ഞത്. പാർട്ടിയിൽ ഐക്യം സൂക്ഷിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ പോകുന്നത് ഉചിതമാവില്ലെന്ന് ബംഗാൾ ഘടകം വാദിച്ചു. ബംഗാളിൽ നിന്നുള്ള നാല് പി.ബി അംഗങ്ങളും ശക്തമായ നിലപാടെടുത്തതോടെ സമവായം വേണമെന്ന് മണിക് സർക്കാരും വാദിച്ചു. തുടർന്ന് യെച്ചൂരി താൻ അവതരിപ്പിച്ച ന്യൂനപക്ഷ വീക്ഷണം പ്രമേയത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം പിൻവലിച്ചു. പ്രമേയത്തിൽ മാറ്റം വരുത്താൻ കാരാട്ട് പക്ഷം തയ്യാറായി. 

പ്രമേയത്തിലെ രണ്ടാം ഭാഗത്തെ 115-ാം ഖണ്ഡികയിലെ  ഒരു വാചകത്തെ ചൊല്ലിയായിരുന്നു പ്രധാന തർക്കം. ബി.ജെ.പിക്കെതിരെ മതേതര ജനാധിപത്യ പാർട്ടികളെ സംഘടിപ്പിക്കുമ്പോൾ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ല എന്നതായിരുന്നു ഈ വാചകം. ഇത് ഇങ്ങനെ മാറ്റിയെഴുതി. 'മതേതര ജനാധിപത്യ പാർട്ടികളെ സംഘടിപ്പിക്കുമ്പോൾ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല'. പാർട്ടിയിൽ ഐക്യവും യോജിപ്പും വേണമെന്ന നിലപാട് യെച്ചൂരി ആദ്യം പ്രകടിപ്പിച്ചു. അതിനു ശേഷം സംസാരിച്ച പ്രകാശ് കാരാട്ട് കോൺഗ്രസിനെ വിമർശിച്ചു. കോൺഗ്രസുമായി സഖ്യത്തിനു കഴിയില്ല എന്ന് പറയുമ്പോൾ ഭാവിയിൽ തെരഞ്ഞെടുപ്പ് സമയത്തെടുക്കുന്ന സമീപനത്തിലും അത് പ്രതിഫലിക്കുമെന്ന് കാരാട്ട് പറഞ്ഞു. 

അതേസമയം പാർലമെന്റിലും പുറത്തും കോൺഗ്രസുമായി യോജിച്ച് സമരങ്ങൾ നടത്താമെന്ന ഖണ്ഡിക പരിഷ്കരിച്ച് ഉൾപ്പെടുത്തി. രഹസ്യബാലറ്റെന്ന ആവശ്യം പന്ത്രണ്ട് സംസ്ഥാന ഘടകങ്ങൾ ഉന്നയിക്കുകയും പാർട്ടിയിൽ ശക്തമായ ഭിന്നത ഉണ്ടെന്ന് ചർച്ചയിൽ വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വോട്ടെടുപ്പിലൂടെ പരിഹരിക്കാം എന്ന നിലപാട് മാറ്റാൻ പ്രകാശ് കാരാട്ട് പക്ഷം തയ്യാറായത്. കരട് രാഷ്ട്രീയ പ്രമേയം ഒടുവിൽ ഭേദഗതിയോടെ അംഗീകരിച്ചത് ഏകകണ്ഠമായിട്ടല്ല. ചിലർ എതിർത്തു. എങ്കിലും പാർട്ടിയെ പ്രതിസന്ധിയിലാക്കുമായിരുന്ന ഭിന്നത ഒഴിവാക്കാൻ പാർട്ടി കോൺഗ്രസിൽ കഴിഞ്ഞു.

click me!