
കാസർകോട്: ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ രാഷ്ട്രീയ തിരിച്ചടി കോൺഗ്രസ് നടത്തിയ ആക്രമണങ്ങൾ ഉയത്തിക്കാട്ടി പ്രതിരോധിക്കാൻ സിപിഎം ഒരുങ്ങുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊലക്കത്തി രാഷ്ട്രീയം കേരളത്തിലൊട്ടാകെ ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിക്കുമ്പോഴും കേസിൽ അറസ്റ്റിലായവർ സിപിഎം അംഗങ്ങളും അനുഭാവികളുമാണെന്നത് നേതൃത്വത്തെ കുഴക്കുന്നു. കൊലപാതക രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചർച്ചയാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല.
അറസ്റ്റിലായവരെ തള്ളിപ്പറഞ്ഞും കോൺഗ്രസ് പ്രദേശത്ത് നടത്തിയ ആക്രമണങ്ങൾ എണ്ണിപ്പറഞ്ഞുമാണ് നേതൃത്വം ഈ ഘട്ടത്തിൽ പ്രതിരോധം തീർക്കുന്നത്. പെരിയ, എച്ചിലടുക്കം, കല്യോട് പ്രദേശങ്ങളിൽ കോൺഗ്രസ് ആക്രമണത്തിൽ തകർന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും പാർട്ടി ഓഫീസുകളും നേതാക്കൾ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
കാസർകോട്ടെ കൊലപാതകത്തെ തള്ളിപ്പറയുന്നതോടൊപ്പം പ്രദേശത്ത് അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. അതേ നാണയത്തിൽ തിരിച്ചടി നൽകാതെ ജനങ്ങൾക്കിടയിൽ ഇറങ്ങി വിശദീകരണ യോഗങ്ങൾ നടത്തി കോൺഗ്രസിനെ തുറന്നു കാണിക്കാനായിരിക്കും പാർട്ടി ഇനി ശ്രമിക്കുക.
എന്നാല്‍ കാസർകോട് മാത്രമല്ല കേരളമൊട്ടാകെ കൊലക്കത്തി രാഷ്ട്രീയം ചർച്ചയാക്കാനാകും കോൺഗ്രസ് ശ്രമം. അതേസമയം ഇരട്ടക്കൊല കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് ലോക്കൽ പൊലീസിൽ നിന്നും അന്വേഷണം ഏറ്റെടുക്കും. അറസ്റ്റിലായ മുഖ്യപ്രതി പീതാംബരൻ രാഷ്ട്രീയബന്ധങ്ങൾ കൊലപാതകം നടത്താനായി ഉപയോഗിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam