
എടവണ്ണ: മലപ്പുറം എടവണ്ണയില്‍ ഇന്നലെ കത്തി നശിച്ച ടിന്നര്‍ ഗോഡൗൺ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചത് പഞ്ചായത്ത് ലൈസൻസ് പോലും ഇല്ലാതെയെന്ന് വ്യക്തമായി. സ്ഥാപനത്തിന് ലൈസൻസും ഇൻഷുറൻസ് പരിരക്ഷയുമുണ്ടെന്ന ഉടമയുടെ
അവകാശം കള്ളമാണെന്ന് വിവരാവകാശ രേഖതന്നെ സാക്ഷ്യപ്പെടുത്തുന്നു.
അപകടസ്ഥലത്തു നിന്ന് രക്ഷപെട്ടശേഷം ഒളിവില്‍പോയ ഗോഡൗൺ ഉടമ ഇല്യാസ് പറഞ്ഞതെല്ലാം കളവാണെന്നാണ് വ്യക്തമായത്. എടവണ്ണ പഞ്ചായത്ത് സെക്രട്ടറി രണ്ടാഴ്ച്ച മുമ്പ് പന്നിപ്പാറ സ്വദേശി മുഹമ്മദ് ഹുസൈന് നല്‍കിയ ഈ വിവരാവകാശ രേഖയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പുറത്ത് വന്നത്.
തീ കെടുത്താനുള്ളതടക്കമുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഗോഡൗണില്‍ ഉണ്ടായിരുന്നുവെന്നും ടാങ്കര്‍ ലോറിയില്‍ നിന്ന് ടിന്നര്‍ ഇറക്കുന്നതിനിടെ അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നുവെന്നുമാണ് ഉടമ ഇല്ല്യാസിന്‍റെ വിശദീകരണം. തീ പടര്‍ന്നതോടെ അണയ്ക്കാൻ സാധിച്ചില്ലെന്നും തൊഴിലാളികളെ രക്ഷപെടുത്തിയതും നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി രക്ഷപെടാൻ അവസരമൊരുക്കിയതും താനാണെന്നും അദ്ദേഹം അവകാശപെട്ടിരുന്നു.
എന്നാല്‍ ഒരു സുരക്ഷാ മുൻകരുതലും ഗോഡൗണില്‍ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. തലനാരിഴക്ക് ജീവൻ രക്ഷപെട്ടെങ്കിലും തീപിടിത്തത്തെ തുടര്‍ന്ന് ഭീതിയിലാണ് സമീപവാസികളെല്ലാം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഇനി ഈ സ്ഥാപനം ഇവിടെ വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍. ഗോഡൗണിന് തീപിടിച്ച സംഭവത്തില്‍ എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam