ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കല്യോട്ട് നടന്നത് അതിക്രൂരമായ ആക്രമം

By Web TeamFirst Published Feb 23, 2019, 1:18 PM IST
Highlights

കൊലപാതകം നടന്ന ദിവസം രാത്രിയും വിലാപയാത്രയ്ക്കിടയിലുമായിരുന്നു ആക്രമങ്ങൾ. സംഭവം നടന്ന രാത്രി തന്നെ കല്യോട്ടെയും എച്ചിലടുക്കത്തേയും സിപിഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമങ്ങൾ നടന്നിരുന്നു

കല്യോട്ട്: കാസർകോട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സിപിഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ഉണ്ടായത് അതിക്രൂരമായ ആക്രമം. കാർഷിക വിളകൾ ഉൾപ്പടെ നശിപ്പിച്ചു. ജില്ലയിൽ മാത്രം അഞ്ച് കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് സിപിഎം നേതൃത്വം.

കൊലപാതകം നടന്ന ദിവസം രാത്രിയും വിലാപയാത്രയ്ക്കിടയിലുമായിരുന്നു ആക്രമങ്ങൾ. സംഭവം നടന്ന രാത്രി തന്നെ കല്യോട്ടെയും എച്ചിലടുക്കത്തേയും സിപിഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമങ്ങൾ നടന്നിരുന്നു. കല്യോട്ടെ സിപിഎം ബ്രാഞ്ച് ഓഫീസ് പൂർണമായും തകർത്ത് തീയിട്ടു. 

പ്രവർത്തകരുകരുടെ വ്യാപാര സ്ഥാപനങ്ങളും നശിപ്പിച്ചു. കുത്തിതുറന്ന് മലഞ്ചരക്ക് സാധനങ്ങളടക്കം പുറത്തിട്ട് കത്തിച്ചു. കെട്ടിടങ്ങൾ തകർത്തു. മുഖ്യപ്രതി പീതാംബരന്റെ വീട് തകർത്ത് തീയിട്ടു. കവുങ്ങും തെങ്ങും പറമ്പിലെ വാഴയും വെട്ടി നശിപ്പിച്ചു. ഏഴാം പ്രതി ഗിജിന്‍റെയും പാർട്ടി പ്രവർക്കൻ ഓമനകുട്ടന്‍റെയും വീടുകളും തകർത്തു. 

വാഹനങ്ങൾ അഗ്നിക്കിരയാക്കി. മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കടന്ന് പോയതിന് ശേഷമാണ് പെരിയയിലെ ആക്രമങ്ങൾ. പാർട്ടി സാംസ്കാരിക കേന്ദ്രവും ലോക്കൽകമ്മിറ്റി ഓഫീസും പ്രവർത്തിക്കുന്ന കെട്ടിടം തല്ലിതകർത്തു. ദിനേഷ് ബീഡി കെട്ടിടത്തിന്റെയും വനിതാ സഹകരണ സംഘം ഓഫീസ് കെട്ടിടവും നശിപ്പിച്ചു. എ.കെ.ജി വായനാശാലക്ക് തീയിട്ടു. 

പെരിയയിലും കല്യോട്ടുമുണ്ടായ അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ 24 കേസുകളാണ് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്തത്. ആക്രമങ്ങൾ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും സിപിഎം ആരോപിക്കുന്നു.

കാസർകോട് ഇരട്ടക്കൊലപാതകത്തിന് ശേഷം പെരിയയിലും കല്യോട്ടും തകർക്കപ്പെട്ട പാർട്ടി ഓഫീസുകളും വീടുകളും സിപിഎം സംഘം സന്ദർശിച്ചു. എംപി പി.കരുണാകന്റെ നേതൃത്വത്തിലുള്ള സംഘത്തെ കല്യോട്ട് സ്ത്രീകളടക്കമുള്ളവർ തടഞ്ഞു.  പ്രതിഷേധം വകവയ്ക്കാതെ മുഖ്യപ്രതി പീതാംബരന്റെ വീടടക്കം സന്ദർശിച്ചാണ് സംഘം മടങ്ങിയത് .

click me!