
ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ജയിലിലായ ഗുര്‍മീത് റാം റഹിമിന്‍റെ ദേരാ സച്ചാ സൗദാ ആസ്ഥാനത്തെ ഐടി തലവനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് 60 ഹാര്‍ഡിസ്കുകളും പോലീസ് പിടിച്ചെടുത്തു. ഗുര്‍മീതിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ ഹാര്‍ഡിസ്കുകളിലുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം.
സിര്‍സയിലെ ഐടി വിദഗ്ധനായ വിനീത് എന്നയാളെയാണ് ഹരിയാന പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്.എന്നാല്‍ എവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സ്ഥിരീകരണമില്ല.രാവിലെ കസ്റ്റഡിയിലെടുത്ത വിനീതിനെ മണിക്കൂറുകളോളെ പോലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു. ഗുര്‍മീതിന്‍റെ ബാങ്ക് ഇടപാടുകള്‍,ദേരാസച്ചാ ആശ്രമത്തിന് കിട്ടിയ സംഭാവനകളുടെ വിവരങ്ങള്‍ എന്നിവ ഹാര്‍ഡിസ്കുകളിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്ന് വിനീത് പോലീസിന് വിവരം നല്‍കി.
ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വൈകീട്ടോടെ വിനീതില്‍ നിന്ന് 60ഓളം ഹാര്‍ഡിസ്കുകള്‍ പോലീസ് പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനകള്‍ക്കയച്ചു.ഹരിയാന പഞ്ചാബ് ഹൈക്കോടതിയുടെ ഉത്തരവിനെതുടര്‍ന്ന് ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.100ഓളം ബാങ്ക് ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ഹാര്‍ഡിസ്കുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുമായി ഒത്തുനോക്കിയാവും തുടരന്വേഷണം നടത്തുക.
പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചുമതലപ്പെടുത്തിയ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ദേരാ ആസ്ഥാനത്തെ മൂന്ന് ദിവസം നീണ്ട പരിശോധന. ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.
ദേരാ ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ രണ്ട് തുരങ്കങ്ങളും അനധികൃത പടക്ക നിര്‍മ്മാണശാലയും അടക്കമുള്ളവ പോലീസ് കണ്ടെത്തിയിരുന്നു. വനിതാ ഹോസ്റ്റലിലേക്ക് നീളുന്നതായിരുന്നു തുരങ്കങ്ങളില്‍ ഒന്ന്. ഗുര്‍മീത് റാം റഹിം സിങ്ങ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേരാ ആസ്ഥാനത്ത് കോടതി മേല്‍നോട്ടത്തില്‍ പോലീസ് റെയ്ഡ് നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam