തനിച്ച് താമസിച്ചിരുന്ന വൃദ്ധയുടെ കൊലപാതകം; 15 മാസത്തിനു ശേഷം പ്രതി പിടിയില്‍

By Web DeskFirst Published Jan 24, 2017, 3:52 PM IST
Highlights

പാലക്കാട്: പട്ടാമ്പിയിൽ തനിച്ച് താമസിച്ചിരുന്ന വൃദ്ധയെ കൊന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ ശാരദ പൊതുവാരസ്യാരെ കൊന്ന കേസിൽ 15 മാസത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. വടക്കേ വെള്ളടിക്കുന്ന് സ്വദേശി സുബ്രമണ്യനാണ്  പട്ടാമ്പി പോലീസിന്‍റെ പിടിയിലായത്.

തേങ്ങയിട്ടതിന് നൽകാനുള്ള കൂലിയെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2015 ഒക്ടോബർ 29 നാണ് വീടിനുള്ളിൽ  81 കാരിയായ ശാരദയുടെ മൂന്ന് ദിവസം പഴക്കമുള്ള മ‍തദേഹം  കണ്ടത്. അടുക്കള ഭാഗത്ത് ചോര വാർന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിന്ന് ആഭരണങ്ങളും നഷ്ടമായിരുന്നു.

തെങ്ങുകയറ്റ തൊഴിലാളിയാണ് സുബ്രമണ്യൻ. ശാരദയുടെ വീട്ടിൽ ഒറ്റത്തെങ്ങിൽ നിന്ന് തേങ്ങയിട്ടതിന്‍റെ കൂലിയായി500 രൂപ ആവശ്യപ്പെട്ടു. 100 രൂപയാണ് ശാരദ നൽകിയത്.‍ ഇതേ തുടർന്ന് തർക്കമാകുകയും ശാരദയെ സുബ്രമണ്യൻ പിടിച്ചു തള്ളുകയുമായിരുന്നു. ചുമരിലിടിച്ച വീണ ശേഷം എഴുന്നേറ്റ വൃദ്ധയെ വീണ്ടും ചിരവ കൊണ്ട് തലക്കടിച്ച് വീഴ്ത്തി.

സാഹചര്യത്തെളിവുകളില്ലായിരുന്ന കേസിൽ ഏറെ പണിപ്പെട്ടാണ് പോലീസ് ഇപ്പോൾ പ്രതിയെ പിടികൂടിയത്. സംശയം തോന്നിയ  180 പേരെ ചോദ്യം ചെയതു. ചോദ്യം ചെയ്യാൻ 4 തവണ വിളിപ്പിച്ചിട്ടും സുബ്രമണ്യൻ വന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുബ്രമണ്യൻ വലയിലാകുന്നത്. മാസങ്ങൾ പിന്നിട്ട കേസിലെ തെളിവുകൾ  കണ്ടെത്തലാണ് ഇനി പോലീസിന് മുന്നിലെ വെല്ലുവിളി.

click me!