ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്: ഐജി ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും

By Web TeamFirst Published Feb 21, 2019, 6:19 PM IST
Highlights

അറസ്റ്റിലായ രണ്ട് പേരെ കൂടാതെ കസ്റ്റഡിയിലുള്ള അഞ്ച് പേരുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നത്. 
 

തിരുവനന്തപുരം/കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ‌ നാളെ എത്താനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്നുമുണ്ടായത്. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല. അന്വേഷണ സംഘത്തെ ഐജി നിശ്ചയിക്കും. 

അന്തർസംസ്ഥാനതലത്തിലുള്ള അന്വേഷണം വേണ്ടതിനാലും തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതും കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൊടുക്കുന്നതെന്നാണ് സർ‌ക്കാരിന്റെ വിശദീകരണം. നേരത്തെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ എ ശ്രീനിവാസിനെ ക്രൈംബ്രാഞ്ചിലേക്ക് സർക്കാർ മാറ്റിയിരുന്നു. 

അതിനിടെ കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ അഞ്ച് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി നേരത്തെ കസ്റ്റഡിയിലെടുത്ത അ‍ഞ്ച് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. 

എച്ചിലടുക്കം സ്വദേശികളായ കെ എം സുരേഷ്, കെ അനിൽ കുമാർ, കുണ്ടംകുഴി സ്വദേശി  അശ്വിൻ, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്,​ഗിജിൻ എന്നിവരുടെ അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇരട്ടക്കൊല കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സിപിഎം ലോക്കൽ സെക്രട്ടറി പീതാംബരൻ, കൊലയാളി സംഘത്തിന് സഞ്ചരിക്കാനുള്ള കാർ തയ്യാറാക്കിയ സജി ജോർജ് എന്നിവരുടെ അറസ്റ്റ് നേരത്തെ തന്നെ അന്വേഷണം രേഖപ്പെടുത്തിയിരുന്നു. 

click me!