കോന്നി പെണ്‍കുട്ടികളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

By Web DeskFirst Published Dec 9, 2016, 5:36 PM IST
Highlights

2015 ജൂലൈ ഒന്‍പതിനാണ് കോന്നിയിലെ  സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥിനികളെ കാണാതായത്. അഞ്ച് ദിവസം കഴിഞ്ഞ് ഒറ്റപാലത്തിന് സമിപം റയില്‍വേ ട്രാക്കില്‍ രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ചനിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന ആര്യ, ആതിര എന്നിവരെയാണ് ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജി അഞ്ച് ദിവസത്തിന് ശേഷം തൃശൂര്‍ ആശുപത്രിയില്‍ വച്ചും മരണമടഞ്ഞു. കുട്ടികളെ കാണാതായതിന്റെ അടുത്തദിവസം തന്നെ പരാതി നല്‍കിയെങ്കിലും പൊലിസിന്‍റെ അന്വേഷണം മന്ദഗതിയിലായിരുന്നുവെന്നും കുട്ടികളെ രക്ഷിക്കാന്‍ പൊലിസിന് കഴിയുമായിരുന്നുവെന്നും ബന്ധക്കള്‍ക്ക് പരാതിയുണ്ടായിരുന്നു. 

എന്നാല്‍ ദുരുഹതയില്ലന്നും  ആത്മഹത്യയാണന്നുമുള്ള നിഗമനത്തിലായിരുന്നു പൊലീസ്. ഈ വിവരം കോടതിയെയും അറിയിച്ചു. മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പട്ട് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ബന്ധുക്കള്‍ പരാതിനല്‍കി. സ്വതന്ത്ര ചുതമലയുള്ള ഏജന്‍സി അന്വേഷിക്കുന്നതിനും  പൊലീസിന് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് കണ്ടെത്തുന്നതിനും വേണ്ടിയാണ് ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതെന്ന്  പത്തനംതിട്ട ജില്ല പൊലീസ് മേധാവി പറഞ്ഞു.

ക്രൈം ബ്രാഞ്ചിന്റെ തിരുവനന്തപുരം എസ്.പിക്കാണ് അന്വേഷണ ചുമതല. ആലപ്പുഴ യൂണിറ്റ് കേസ് അന്വേഷിക്കും. ലോക്കല്‍ പൊലീസിന്റെ കൈവശമുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും. ഇതിനിടയില്‍ കോന്നി സ്വദേശികളായ ചിലര്‍ക്ക് കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഊമക്കത്തുകളും പ്രചരിച്ചിരുന്നു. ഇതും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

click me!