ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി , സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി കസ്റ്റഡിയിൽ നൽകിയത്
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി , സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി കസ്റ്റഡിയിൽ നൽകിയത്. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിർണ്ണയക വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം. സ്വർണപ്പാളികൾ എത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വർണം വേർതിരിച്ചെടുത്ത പങ്കജ് ഭണ്ഡാരിക്കും സ്വർണം വാങ്ങിയ ഗോവർദ്ധനും കൊള്ളയിൽ ഒരു പോലെ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടത്തൽ. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തിയെന്നതിലടക്കംവ്യക്തത തേടുകയാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ സർക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. അതേസമയം, ശബരിമല സ്വർണ കൊള്ളയിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെയും എസ്ഐടി ചോദ്യം ചെയ്യുമെന്ന വിവരവും പുറത്തുവന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അടൂർ പ്രകാശിലേക്ക് എസ്ഐടി എത്തുക. പോറ്റിയിൽ നിന്നും വ്യക്തതേടിയ ശേഷമായിരിക്കും കടകംപ്പള്ളി സുരേന്ദ്രന്‍റെ മൊഴിയിലെ തുടർ നടപടികളിലേക്ക് എസ്ഐടി കടക്കുക.
ദില്ലിയിൽ സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പം സൂചിപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. പാലർമെൻറ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു ഇതിൽ യുഡിഎഫ് കണ്‍വീനറുടെ വിശദീകരണം. സുരക്ഷ ക്രമീകരങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താൻ എങ്ങനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കഴിഞ്ഞുവെന്ന കാര്യത്തിൽ കോണ്‍ഗ്രസ് നേതാവായ അടൂർ പ്രകാശിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ഇത്തരം എല്ലാ കാര്യങ്ങളിലും ചോദ്യം ചെയ്യലിൽ വ്യക്തവരുത്താനാണ് എസ്ഐടി നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും അടൂര്‍ പ്രകാശിൽ നിന്ന് വിവരം തേടുക. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നുമാണ് അടൂര്‍ പ്രകാശിന്‍റെ പ്രതികരണം. ഉണ്ണികൃഷ്ണൻ പോറ്റിയെയും പങ്കജ് ബണ്ഡാരിയെയും ഗോവര്‍ധനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതിൽ ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വര്‍ണം എവിടെയന്നതിൽ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് എസ്ഐടി സംഘത്തിന്‍റെ പ്രതീക്ഷ. ചെന്നൈ സ്മാർട് ക്രിയേഷൻ വേർതിരിച്ചെടുത്ത ശബരിമല സ്വർണം ആർക്കുവിറ്റുവെന്നതിലും വ്യക്തവരുത്തും. അതുപോലെ കടകംപ്പള്ളി നൽകിരിക്കുന്ന മൊഴിയിലെ ചില കാര്യങ്ങളിലും പോറ്റിയിൽ നിന്നും വ്യക്തത തേടും.
പ്രവാസിയുടെ മൊഴിയിൽ തുടരന്വേഷണം
ഇതിനിടെ, ശബരിമല സ്വർണക്കടത്തിൽ ഡിണ്ടികള്‍ സ്വദേശി എം.എസ്. മണി ഉള്‍പ്പെടുന്ന സംഘമാണെന്ന് പ്രവാസിയുടെ മൊഴിയിൽ തുടരന്വേഷണത്തിലേക്ക് എസ്ഐടി കടക്കുകയാണ്. പോറ്റിയെയോ പ്രവാസിയേയോ അറിയില്ലെന്നാണ് മണിയുടെ മൊഴി. തിരുവനന്തപുരത്തേക്ക് വന്ന സമയങ്ങളെ കുറിച്ചും മണി എസ്ഐടിയോട് പറഞ്ഞിട്ടുണ്ട്. മൊഴിയിൽ വൈരുദ്ധ്യങ്ങളില്ലെന്നാണ് ഇതുവരെയുളള വിലയിരുത്തൽ. മണിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന വിരുപതനഗർ സ്വദേശി ശ്രീകൃഷ്ണൻ ഇരിടിയം തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് വ്യക്തമായി. പഴയ പാത്രങ്ങള്‍ പൊതിഞ്ഞ് ഇരിഡിയമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പലരിൽ നിന്നും പണം വാങ്ങിയത്. തമിഴ്നാട്ടിൽ ഇയാള്‍ക്കെതിരെ കേസുമുണ്ട്. അങ്ങനെ ഒരു തട്ടിപ്പായിരുന്നു ശബരിമല സ്വർണം കൈവശമുണ്ടെന്ന് ഡിണ്ടിഗൽ സംഘം പ്രവാസിയോട് പറഞ്ഞതെന്ന സംശയത്തിലാണ് പ്രത്യേക അന്വേഷണ സംഘം. വീണ്ടും മൊഴിയെടുക്കാൻ പ്രവാസിയോട് എസഐടി സമയം ചോദിച്ചിട്ടുണ്ട്.
ചേവായൂര്‍ പൊലീസ് സ്റ്റേഷനിൽ കോണ്‍ഗ്രസ് പ്രതിഷേധം
മുഖ്യമന്ത്രിയും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന്‍റെ പേരില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രമണ്യനെ സര്‍ക്കാര്‍ വേട്ടയാടുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് ചേവായൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. എംകെ രാഘവന്‍ എംപി, ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇനി പൊലീസ് തുടര്‍ നടപടികള്‍ക്ക് മുതിര്‍ന്നാല്‍ പ്രതിഷേധ പരിപാടികള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് മുന്നിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.



