മക്കാമസ്ജിദ് സ്ഫോടനം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരായ തെളിവുകള്‍ മുക്കിയെന്ന് വെളിപ്പെടുത്തല്‍

By Web DeskFirst Published Apr 17, 2018, 4:07 PM IST
Highlights
  • മക്കാമസ്ജിദ് സ്ഫോടനം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരായ തെളിവുകള്‍ മുക്കിയെന്ന് വെളിപ്പെടുത്തല്‍

ദില്ലി: മക്കാ മസ്ജിദ് സ്ഫോടന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക്  എതിരായ സുപ്രധാന തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ മുക്കിയെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്നും എന്‍ഐഎ തീരുമാനിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന സ്വാമി അസീമാനന്ദ അടക്കമുള്ളവരെ കുറ്റവിക്തരാക്കി മണിക്കൂറുകള്‍ക്കകം ജഡ്ജി രാമറാവു റെഡ്ഢി രാജി വച്ചതിന് പിന്നാലെയാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ആര്‍ വാസന്‍റെ വെളിപ്പെടുത്തല്‍.2007 മെയ് 18ന് രണ്ട് ബാഗുകളിലായാണ് സ്ഫോടന വസ്തുക്കള്‍ മക്കാ മസ്ജിദില്‍ സ്ഥാപിച്ചത്. ഒരു ബാഗിലെ സ്ഫോടന വസ്തു മാത്രം പൊട്ടിതെറിച്ചു.മസ്ജിദിന്‍റെ മറ്റൊരു ഭാഗത്ത് നിന്ന് സ്ഫോടന വസ്തുക്കളുമായി കണ്ടെത്തിയ രണ്ടാമത്തെ ബാഗില്‍ നിന്ന് ഒരു ചുവന്ന ഷര്‍ട്ടും താക്കോലും ലോക്കല്‍ പൊലീസ് കണ്ടെത്തി. 

എന്നാല്‍ ലോക്കല്‍ പൊലീസില്‍ നിന്ന് സിബിഐ കേസ് ഏറ്റെടുത്തതിന് പിന്നാലെ ഈ തെളിവുകള്‍ അപ്രതിക്ഷമായി.തുടര്‍ന്ന് അന്വേഷണം തുടങ്ങിയ എന്‍ഐഎക്ക് മുമ്പില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിച്ചില്ലെന്നും മുന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഗൂഡാലോചന സംബന്ധിച്ച് മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ രണ്ട് പേജുകള്‍ ഒഴിവാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കിയത്.

തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെവിട്ട വിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കേണ്ടെന്നും എന്‍ഐഎ തീരുമാനിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ആര്‍ വാസനെയും ഉദ്യോഗസ്ഥ പ്രതിഭാ അംബേദകറിനെയും നരന്ദ്രമോദി സര്‍ക്കാര്‍ മാറ്റിയിരുന്നു. അന്വേഷണ ഏജന്‍സികളിലെ വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കി

click me!