ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ വീട്ടിലെ വ്യാജ റെയ്ഡില്‍ നിര്‍ണായ ട്വിസ്റ്റ്

By Web DeskFirst Published Feb 14, 2018, 9:20 AM IST
Highlights

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ വീട്ടിൽ വ്യാജ റെയ്ഡില്‍ നിര്‍ണായക ട്വിസ്റ്റ്. റെയ്ഡിന് പിന്നില്‍ ദീപ ജയകുമാറിന്റെ ഭർത്താവ് മാധവനാണെന്ന് വെളിപ്പെടുത്തല്‍. ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു ദീപയുടെ വീട്ടിൽ ഒരാള്‍ എത്തിയിരുന്നു. മാധ്യമപ്രവർത്തകരും പൊലീസും ദീപയുടെ വീട്ടിലെത്തിയതോടെ ഇയാൾ മതില്‍ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.  

മാമ്പലം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ മുന്നിൽ ഇയാള്‍ ഇന്നലെ കീഴടങ്ങിയിരുന്നു. വില്ലുപുരം സ്വദേശി പ്രഭാകരനാണ് കീഴടങ്ങിയത്. ദീപയുടെ ഭർത്താവ് മാധവൻ നിർദേശിച്ച പ്രകാരമാണു വ്യാജ റെയ്ഡ് നടത്തിയതെന്നാണ് പ്രഭാകരന്‍ അവകാശപ്പെടുന്നത്. സംഭവം വിവാദമായതോടെ മാധവൻ ഒളിവിൽ പോയി. പുതുച്ചേരിയിൽ ഹോട്ടൽ നടത്തുന്ന തന്നെ നാലു മാസം മുൻപു മാധവൻ വന്നു കണ്ടു. പുതുതായി നിർമിക്കുന്ന സിനിമയിൽ അവസരം നൽകാമെന്നും അതിനായി ഫോട്ടോകൾ നൽകണമെന്നും ആവശ്യപ്പെട്ടുവെന്നും പ്രഭാകരന്‍ പറയുന്നു. 

തിരക്കഥ കൊറിയറിൽ അയച്ചു നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. സിനിമയിലെ ആവശ്യങ്ങൾക്കായി നൽകിയ ഫോട്ടോ ഉപയോഗിച്ചു വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചു മാധവൻ കൊറിയറിൽ അയച്ചു നൽകി. ദീപയുടെ വീട്ടിലെത്തി ആദായനികുതി ഉദ്യോഗസ്ഥനായി ചമഞ്ഞു റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ടു. സിനിമയിൽ അഭിനയിക്കുന്നതിനുള്ള കഴിവുണ്ടോയെന്നു പരിശോധിക്കുന്നതിനാണിതെന്നും പറഞ്ഞു വിശ്വസിപ്പിച്ചതായി പ്രഭാകരൻ പറയുന്നു. 

‘റെയ്ഡ്’ വിവരമറിഞ്ഞു പൊലീസും മാധ്യമപ്രവർത്തകരും ദീപയുടെ വീട്ടിൽ എത്തിയപ്പോൾ രക്ഷപ്പെടാൻ അവസരമൊരുക്കിയതും മാധവനാണെന്ന് പ്രഭാകരൻ പൊലീസിനോട് പറഞ്ഞു. ആദായനികുതി വകുപ്പിന്റെ വ്യാജ നോട്ടിസുകളും മറ്റും മാധവൻ തന്നെയാണു സംഘടിപ്പിച്ചു നൽകിയതെന്നും ഇയാള്‍ പറയുന്നു.

പ്രഭാകരനെതിരെ അഞ്ചു വകുപ്പുകൾ ചേർത്താണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒളിവിൽ പോയ മാധവന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.
 

click me!