
കൊച്ചി: നഗരത്തിലെ ഡേ കെയറിൽ കുട്ടികൾക്ക് ക്രൂരപീഡനമെന്ന് പരാതി. ഒന്നര വയസുമുതൽ നാല് വയസ് വരെയുള്ള കുട്ടികളെ സ്ഥാപനയുടമയായ സ്ത്രീ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. ഒന്നര വയസുള്ള കുട്ടിയെ ഇവർ അടിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
കൊച്ചി പാലാരിവട്ടത്തെ കളിവീട് ഡേ കെയറിൽ നിന്നുള്ള കാഴ്ചകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. ഒന്നര വയസുകാരനോടാണ് സ്ഥാപന നടത്തിപ്പുകാരി മിനിയുടെ ക്രൂരത. ഈ കണ്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്ഥാപനത്തിലുള്ള ഇരുപതോളം കുട്ടികളെ പല കാരണങ്ങൾ പറഞ്ഞ് ഇവർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടത്തെ ജീവനക്കാരി തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടി കൊണ്ട് കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന പാടുകൾ വെള്ളം തുടച്ച് മായ്ക്കാൻ ഇവർ പറയാറുണ്ടെന്നും ജീവനക്കാരി പറയുന്നു.
കുഞ്ഞിനെ മിനി എന്ന നടത്തിപ്പുകാരി സ്ഥിരമായി അടിക്കാറുണ്ടെന്ന് ഡേ കെയറിൽ കൂടെയുള്ള നാല് വയസുകാരനും പറയുന്നു. ഒരു മാസത്തേക്ക് 1500 മുതൽ 3500 രൂപ വരെ വാങ്ങിയാണ് ഇവിടെ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. കുട്ടികളുടെ ശരീരത്തിൽ പാടുകൾ കണ്ടതോടെയാണ് രക്ഷിതാക്കൾക്ക് സംശയം തോന്നിത്തുടങ്ങിയത്.
കുട്ടികൾക്ക് ഡേകെയറിൽ പോകാനുള്ള മടിയും ടീച്ചറെ കാണുന്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു. എന്നാൽ ഇവർ അന്വേഷിക്കുമ്പോളെല്ലാം യാതൊരു പ്രശ്നവുമില്ലെന്നും കുട്ടികൾ വീണപ്പോഴുണ്ടായ പാടാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി. അച്ഛനുമമ്മയും ജോലിക്ക് പോകുമ്പോള്‍ സ്നേഹത്തോടെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ ഇവിടെ കുട്ടികളെയെത്തിച്ചവരെല്ലാം മക്കൾ നേരിടേണ്ടി വന്ന ദുരിതത്തിന്‍റെ ഞെട്ടലിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈനും ഡേ കെയറില്‍ എത്തി പരിശോധന നടത്തി. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഉടമയെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഈ സ്ഥാപനത്തിന്‍റെ ലൈസന്‍സും മറ്റും പരിശോധിച്ചുവരികയാണ്. ഈ സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്നാണ് പ്രഥമിക പരിശോധനയില്‍ വ്യക്തമായത്. കൊച്ചി മേയര്‍ സൗമിനി ജെയ്‌നും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam