മുംബൈയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മീരാ റോഡ് ഈസ്റ്റിലാണ് അപകടം ഉണ്ടായത്.

മുംബൈ: മുംബൈയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. ക്രെയിനിൻ്റെ ഭാ​ഗങ്ങൾ പതിച്ചു സമീപത്തുള്ള ഹൗസിങ് കോംപ്ലക്സിൽ പാ‍‍ർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും തക‍ർന്നു.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മീരാ റോഡ് ഈസ്റ്റിലെ ജെപി നോർത്ത് റെസിഡൻഷ്യൻ കോംപ്ലക്സിൽ നി‍ർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിൻ്റെ 13-ാം നിലയുടെ നി‍ർമ്മാണം നടക്കുന്നതിനിടെ ടവ‍ർ ക്രെയിൻ തകർന്ന് താഴെവീഴുകയായിരുന്നു. ക്രെയിനിൻ്റെ ഒരുഭാ​ഗം നിർമ്മാണ നടക്കുന്ന സ്ഥലത്തും മറ്റ് ഭാ​ഗങ്ങൾ സമീപത്തുള്ള ജെകെ ഐറിഷ് സൊസൈറ്റിയുടെ പാർക്കിങ് ഏരിയയിലുമാണ് പതിച്ചത്. ഇതാണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമായത്.

അപകടത്തിന് പിന്നാലെ ഓടിക്കൂടിയ താമസക്കാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇതിന് ശേഷം പൊലീസും ഫയ‍ർ ഫോഴ്സും മറ്റ് അടിയന്തര വിഭാ​ഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ 21കാരനായ മുജ്ജമ്മിൽ ഖോക്ക‍ർ ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിൽ കഴിയുകയാണ്.

Scroll to load tweet…

അതേസമയം അപകടത്തിൻ്റെ യഥാ‍ർത്ഥ കാരണം അവ്യക്തമാണ്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് കാശി​ഗാവ് പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ട‍ർ രാഹുൽ കുമാർ പട്ടേൽ അറിയിച്ചു. ക്രെയിനിന്റെ ഭാ​ഗങ്ങൾ സമീപത്തെ സൊസൈറ്റിയുടെ പാർക്കിങ് ഏരിയയിൽ പതിച്ചത് ആശങ്കയ്ക്ക് ഇടയാക്കി.