ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പോകരുതെന്ന് ആര് പറഞ്ഞാലും യോജിക്കില്ല: സി.എസ് സുജാത

By Web TeamFirst Published Dec 24, 2018, 10:11 PM IST
Highlights

”ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ പോകാന്‍ പാടില്ലായെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അതിനോട് ഒരു ശതമാനം പോലും യോജിക്കുന്നില്ല"

കോഴിക്കോട്: ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ വരേണ്ട എന്ന ദേവസ്വം മന്ത്രിയുടെ വാദം തള്ളി സിപിഎം നേതാവും മുന്‍ എംപിയുമായ സിഎസ് സുജാത. ശബരിമലയില്‍ എല്ലാവര്‍ക്കും പോകാന്‍ അവകാശമുണ്ടെന്ന് സിഎസ് സുജാത വ്യക്തമാക്കി. അവര്‍ ഏഷ്യാനെറ്റ്  ന്യൂസ് അവറിലാണ് സിപിഎം ദേശീയ കമ്മിറ്റി അംഗമായ സിഎസ് സുജാതയുടെ അഭിപ്രായം.

”ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ പോകാന്‍ പാടില്ലായെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അതിനോട് ഒരു ശതമാനം പോലും യോജിക്കുന്നില്ല. ശബരിമലയെ പോലെ ഇന്ത്യയില്‍ മറ്റൊരു ക്ഷേത്രമില്ല. അവിടെ എല്ലാവര്‍ക്കും പോകാന്‍ അവകാശമുണ്ട്. ജീവിതത്തിലെ എല്ലാ തുറകളിലുമുള്ള ആളുകള്‍ അവിടെ പോകുന്നുണ്ട്.

അത് കൊണ്ട് ആക്ടിവിസ്റ്റുകള്‍ പോകാന്‍ പാടില്ലായെന്ന വാദത്തോടൊന്നും യോജിക്കാന്‍ കഴിയില്ല. ശബരിമലയില്‍ ബോധപൂര്‍വ്വമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ട് എങ്കില്‍ അത് വേറെ പരിശോധിക്കപ്പെടേണം.”

ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് കയറാനുള്ള സ്ഥലമല്ലെന്ന് ആദ്യം പറഞ്ഞിരുന്നത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. രഹ്ന ഫാത്തിമ ശബരിമലയിലെത്തിയപ്പോഴായിരുന്നു കടകംപള്ളിയുടെ പ്രതികരണം. സംഘര്‍ഷമൊഴിവാക്കാന്‍ യുവതികളെ തടയേണ്ടി വരുമെന്ന് ഇന്നും അദ്ദേഹം ആവര്‍ത്തിച്ച് ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി.

click me!