Latest Videos

മന്ത്രി എ.കെ. ബാലന്‍ അറിഞ്ഞോ ? ആ ദളിത് പെണ്‍കുട്ടിക്ക് യൂണിവേഴ്സിറ്റി ടെര്‍മിനേഷന്‍ നോട്ടീസയച്ചു

By വിഷ്ണു എന്‍ വേണു ഗോപാല്‍First Published Sep 1, 2017, 6:59 PM IST
Highlights

തിരുവനന്തപുരം: സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം ലഭിക്കാത്തതിനാല്‍ ഫീസ് അടയ്ക്കാനാവാതെ ദളിത് വിദ്യാര്‍ത്ഥിനിയെ പോര്‍ച്ചുഗല്ലിലെ കോയംബ്ര സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കി. തൃശൂര്‍ കൊടകര സ്വദേശിയും പോര്‍ച്ചുഗലിലെ പ്രശസ്തമായ കോയംബ്ര സര്‍വകലാശാലയിലെ എംഎസ്‌സി ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ഥിയുമായ റിമ രാജനെയാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്കിയത്.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് റിമയ്ക്ക് ഫീസ് അടയ്ക്കാന്‍ യൂണിവേഴ്സിറ്റി സമയം നല്‍കിയിരിക്കുന്നത്. രണ്ട്, മൂന്ന് സെമസ്റ്ററുകള്‍ക്കുള്ള ഫീസ് അടയ്ക്കാത്തതിനാല്‍ 2/9/2017 അഞ്ച് മണിക്ക് ശേഷം  കോഴ്‌സില്‍ നിന്ന് പുറത്താക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ടെര്‍മിനേഷന്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം ലഭിക്കാതെ പഠനം വഴിമുട്ടിയ റിമയുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ആണ് ആദ്യം പുറത്ത് വിട്ടത്. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയും റിമയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ത്തി. എന്നാല്‍ പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വിഷയത്തില്‍ ഇടപെട്ടില്ല.

റിമയുടെ പിതാവ് രാജന്‍ നിരവധി തവണ സെക്രട്ടറിയേറ്റിലെത്തി ഉദ്യോഗസ്ഥരെ കണ്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അനുകൂല നടപടി സ്വീകരിച്ചില്ല. ബിനേഷ് ബാലന്‍, നിധിഷ് സി സുന്ദര്‍ എന്നീ ആദിവാസി ദളിത് വിദ്യാര്‍ത്ഥികള്‍  സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നേരിട്ട അതേ അവഗണനയും പരിഹാസവുമാണ് തൃശൂര്‍ കൊടകര സ്വദേശിയും പോര്‍ച്ചുഗലിലെ പ്രശസ്തമായ കോയംബ്ര സര്‍വകലാശാലയിലെ എംഎസ്‌സി ബിസിനസ് മാനേജ്മെന്റ് വിദ്യാഥിയുമായ റിമ രാജനും ഒന്നര വര്‍ഷമായി നേരിടുന്നത്. 

സര്‍ക്കാര്‍  സഹായം ലഭിച്ചിക്കാതെ വന്നതോടെ റിമയുടെ പഠനം മുടങ്ങുന്ന അവസ്ഥയാണിപ്പോള്‍. ഒപ്പം കാത്തിരിക്കുന്നത് വന്‍ കടബാധ്യതയും.മകളുടെ പഠനത്തിന് ധനസഹായം തേടി  കൂലിപണിക്കാരനായ അച്ഛന്‍ വി.സി രാജന്‍ മുട്ടാത്ത വാതിലുകളില്ല. റിമയുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്ന് കേരള പട്ടികജാതി, വര്‍ഗ കമീഷന്‍ ഉത്തരവിട്ടിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. 
 
2015 നവംബറില്‍ ആണ് റിമക്ക് കോയംബ്ര സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നത്. സര്‍ക്കാറില്‍ നിന്നും ധനസഹായം ലഭിക്കുമെന്ന് പറഞ്ഞിരുന്നതിനാല്‍ ബാങ്ക് വായ്പ എടുത്ത പണം ഉപയോഗിച്ചാണ് ആദ്യഘട്ടത്തിലെ ഫീസും യാത്ര ചെലവും എല്ലാം വഹിച്ചത്. 2016 ഫെബ്രുവരിയില്‍ സ്‌കോളര്‍ഷിപ്പിനായി പട്ടിക സര്‍ക്കാരില്‍ അപേക്ഷ നല്‍കി. സര്‍വകലാശാല അധികാരികളില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) വാങ്ങി നല്‍കണമെന്നു പറഞ്ഞപ്പോള്‍ അതും ചെയ്തു. പണം അനുവദിക്കാം എന്ന് ഉറപ്പും കിട്ടി. 

കോഴ്‌സിന്റെ നാല് സെമസ്റ്ററുകള്‍ക്കും കൂടി പതിനായിരം യൂറോ ആണ് ഫീസായി വേണ്ടത്. സര്‍ക്കാറില്‍ നിന്നും  15 ലക്ഷം രൂപക്കാണ് അപേക്ഷിച്ചിരുന്നത്. സെപ്റ്റംബര്‍ ആദ്യ ആഴ്ച നാല് ലക്ഷം രൂപ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത  2018 സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. അങ്ങനെയാകുമ്പോള്‍  ഒരു വര്‍ഷം നഷ്ടമാകും. അതോടെ തിസീസും റിസര്‍ച്ച് വര്‍ക്കുകളും നിരസിക്കും. പിഎച്ച്ഡി അപേക്ഷയും നിരസിക്കും. വീസ പ്രശ്‌നങ്ങളുമുണ്ടാകും. സുഹൃത്തുക്കളുടെയും സഹപാഠികളുടെയും സാമ്പത്തിക സഹായത്തിലാണ് ഇപ്പോള്‍ റിമ. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന ഒരച്ഛന്റെ സ്വപ്‌നങ്ങള്‍ കൂടിയാണ് സര്‍ക്കാറിന്റെ ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുന്നത്.

ഇതുവരെയും സര്‍ക്കാര്‍ സഹായത്തില്‍ തീരുമാനമായിട്ടില്ല. റിമ ഇപ്പോഴും കാത്തിരിക്കുകയാണ്.  പ്രശ്‌നം ശ്രദ്ധയില്‍പെടുത്താന്‍ പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലനെ റിമ ഫോണില്‍ വിളിച്ചിരുന്നു. പേരും ഫയല്‍ നമ്പറും കുറിച്ചെടുക്കാന്‍ സ്റ്റാഫിനോട് പറഞ്ഞതല്ലാതെ നടപടികള്‍ ഒന്നുമുണ്ടായില്ലെന്നാണ് റിമ പറയുന്നത്. വിദേശത്ത് നിന്ന് ഒരു പ്രശ്‌നം വിളിച്ചുപറഞ്ഞ പെണ്‍കുട്ടിയുടെ ഫോണ്‍ രണ്ട് മിനിറ്റ് കൊണ്ട് മന്ത്രി കട്ട് ചെയ്യുകയായിരുന്നുവെന്നും റിമ പറയുന്നു.

വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെ കാണാന്‍ പോയെങ്കിലും കഴിഞ്ഞില്ല. സെക്രട്ടറിയെയാണു കണ്ടത്. ഇങ്ങനെയൊരു കോഴ്സ് പഠിക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു സെക്രട്ടറിക്ക് അറിയേണ്ടത്. മന്ത്രിയുടെ വാക്കുകേട്ട്  അച്ഛന്‍ സെക്രട്ടേറിയേറ്റില്‍ ചെന്നെങ്കിലും സ്ഥിതിയില്‍ മാറ്റമില്ല മന്ത്രിയുടെ അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സ്‌കോളര്‍ഷിപ്പ് എനിക്ക്  തരില്ലെന്നു തന്നെയാണ് ഉദ്യോഗസ്ഥരുടെ നിലപാടെന്നും റിമ പറയുന്നു.

സർക്കാറിൻ്റെ വാഗ് ദാനലംഘനം ; പോർച്ചുഗലിൽ കുടുങ്ങി ദലിത് വിദ്യാർത്ഥിനി

click me!