ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കൊളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കൊളേജിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതിന് പിന്നാലെ ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം ശങ്കരദാസ് കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി അദ്ദേഹത്തെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിരുന്നു.

ഇതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. 2019ല്‍ എ പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലെ സിപിഎം പ്രതിനിധിയായിരുന്നു എന്‍ വിജയകുമാര്‍. എല്ലാ കാര്യവും തീരുമാനിച്ചിരുന്നത് പത്മകുമാറായിരുന്നു എന്നും മിനിട്‌സ് തിരുത്തിയത് അറിഞ്ഞില്ലെന്നുമാണ് വിജയകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

കഴിഞ്ഞദിവസമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 11-ാം പ്രതിയായ കെപി ശങ്കരദാസിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്. രാത്രി അന്വേഷണ ഉദ്യോഗസ്ഥൻ എസ്‍പി ശശിധരൻ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശങ്കരദാസിന്‍റെ അറസ്റ്റ് വൈകുന്നതിനെയും ആശുപത്രിവാസത്തെയും കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മകൻ എസ്‍പിയായതുകൊണ്ടാണ് ശങ്കരദാസ് ആശുപത്രിയിൽ കഴിയുന്നതെന്നായിരുന്നു കോടതി വിമര്‍ശനം. ഇതിനുപിന്നാലെയാണ് ശങ്കരദാസിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

YouTube video player