വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എസ് യുഡിഎഫിലേക്ക് പോകില്ലെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി. സീറ്റ് ലഭിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച വിസ്മയങ്ങളിൽ കോൺഗ്രസ് എസ് ഉണ്ടാകില്ലെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ താൻ മത്സരിക്കുന്നത് മുന്നണിയും പാർട്ടിയും തീരുമാനിക്കുമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നിലവിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയാണ് രാമചന്ദ്രൻ കടന്നപ്പള്ളി. കോൺഗ്രസ് എസ് സംസ്ഥാന അധ്യക്ഷനാണ് അദ്ദേഹം.
1971-ൽ തന്റെ 26-ാം വയസ്സിൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഇകെ നായനാരെ പരാജയപ്പെടുത്തിയാണ് അന്ന് കെഎസ്‌യു നേതാവായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി പാർലമെൻ്ററി രാഷ്ട്രീയത്തിലെത്തിയത്. 1977 ലും എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1980 ൽ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട് 2006 ലും 2016 ലും 2021 ലും കണ്ണൂർ മണ്ഡലത്തിൽ നിന്ന് ഇടതുമുന്നണി സ്ഥാനാർത്ഥിയായി വിജയിച്ചു. വിഎസ് സർക്കാരിൻ്റെയും ഒന്നാം പിണറായി സർക്കാരിൻ്റെയും കാലത്ത് മന്ത്രിയായി. രണ്ടാം പിണറായി സർക്കാരിൽ നിലവിൽ മന്ത്രിയായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് കണ്ണൂർ മണ്ഡലത്തിലുള്ള ജനകീയ മുഖമാണ് ആവർത്തിക്കുന്ന ജയത്തിൻ്റെ അടിസ്ഥാനം. അതേസമയം ഇത്തവണ മത്സരം കടുക്കുമെന്ന സാഹചര്യത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.


