
ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബദ്ഗാമില്‍ പോളിംഗ് സ്റ്റേഷന് മുന്നില്‍ വിഘടനവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിച്ചു. ശ്രീനഗര്‍ ലോക്‌സഭാ സീറ്റിലേക്കും ദില്ലിയടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.
രാവിലെ എട്ട് മണിക്ക് തുടങ്ങിയ പോളിംഗ് മന്ദഗതിയിലാണ് മിക്കയിടത്തും പുരോഗമിക്കുന്നത്. ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വീറേറിയ പോരാട്ടമാണ് നടക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡണ്ട് ഫാറൂഖ് അബ്ദുള്ളയും പിഡിപി നേതാവ് നാസിര്‍ ഖാനും തമ്മിലാണ് പ്രധാന മത്സരം. പിഡിപിയുടെ സിറ്റിംഗ് സീറ്റ് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് നാഷണല്‍ കോണ്‍ഫറന്‍സ്. ഭീകരവാദികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ശ്രീനഗറില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനിടെ ബദ്ഗാമില്‍ അക്രമികള്‍ പോളിംഗ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത് പരിഭ്രാന്തി പരത്തി.
ദില്ലി രജൗരി ഗാര്‍ഡനിലാണ് മറ്റൊരു പ്രധാന പോരാട്ടം നടക്കുന്നത്. എഎപി എംഎല്‍എയായിരുന്ന ജര്‍ണെയ്ല്‍ സിംഗ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജിവച്ച ഒഴിവിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെങ്കില്‍ ബിജെപിക്ക് ഇത് അഭിമാന പോരാട്ടമാണ്. വിജയത്തിന്റെ തുടര്‍ച്ച സൃഷ്‌ടിക്കാന ആകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തിരിച്ച് വരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. രണ്ടാഴ്ച്ചക്കകം വരാനിരിക്കുന്ന ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ഫലത്തെ രജൗരി ഗാര്‍ഡന്‍ ഉപ തെരഞ്ഞെടുപ്പ് ഫലം സ്വാധീനിച്ചേക്കും. അസം, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലെ ഒമ്പത് മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam