ഗ്രീന്‍ലാന്‍ഡ‍് ഏറ്റെടുക്കലിനെ എതിര്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്‍ നിന്നും പിൻമാറ്റം. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനംമാറ്റം.
വാഷിങ്ടൺ: ഗ്രീന്‍ലാന്‍ഡ‍് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്‍ നിന്നും പിന്മാറി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനംമാറ്റം. റൂട്ടെയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ഗ്രീന്‍ലാന്‍ഡിനും ആര്‍ട്ടിക് മേഖലയ്ക്കുമായുള്ള കരാറിന്‍റെ രൂപരേഖ തയ്യാറായെന്നും ട്രംപ് പിന്നീട് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, യുകെ തുടങ്ങിയ 8 രാജ്യങ്ങള്‍ക്ക് ഫെബ്രുവരി 1 മുതൽ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുന്ന കരാറിൽ തീരുമാനമായില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ നികുതി 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഗ്രീൻലാൻഡ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും അതിനാൽ അത് 'അമേരിക്കൻ മണ്ണാണെന്നുമാണ്' ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീൻലാൻഡ് വാങ്ങാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. "നിങ്ങൾക്ക് ഇത് സമ്മതിക്കാം, അങ്ങനെയെങ്കിൽ ഞങ്ങൾ അതിനെ അഭിനന്ദിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് 'ഇല്ല' എന്ന് പറയാം, അത് ഞങ്ങൾ ഓർത്തുവയ്ക്കും," എന്നായിരുന്നു യൂറോപ്യൻ രാജ്യങ്ങൾക്കും ഡെന്മാർക്കിനും ട്രംപ് നൽകിയ മുന്നറിയിപ്പ്. യൂറോപ്പ് ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നതെന്ന് ട്രംപ് തുറന്നടിച്ചു. പല യൂറോപ്യൻ രാജ്യങ്ങളും ഇന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറിയെന്നും അത് നെഗറ്റീവായ മാറ്റമാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഗ്രീൻലാൻഡിനെ 'മനോഹരമായ ഒരു വലിയ ഐസ് കഷ്ണം' എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്ത്രപരമായ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് വാദിച്ചു.


